ഇടുക്കി: വന്യജീവി ഇടനാഴികളിലെ അനധികൃത വേലികളും തടസ്സങ്ങളും നീക്കം ചെയ്യാൻ ഇടുക്കി ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) ജാഗ്രത കമ്മീഷനും ഇടുക്കി രൂപതയും ആവശ്യപ്പെട്ടു. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് ഹൈറേഞ്ചിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും സാധാരണ കർഷക കുടുംബങ്ങളെ ആശങ്കയിലാക്കുന്നതാണെന്നും സഭാ നേതൃത്വം ആരോപിച്ചു.
ആനകളുടെയും മറ്റ് വന്യജീവികളുടെയും സഞ്ചാരപാതകളിലെ അനധികൃത വേലികൾ, സോളാർ വേലികൾ, മതിലുകൾ, മറ്റ് തടസ്സങ്ങൾ എന്നിവ നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം നിർദേശം നൽകിയത്. ചിന്നക്കനാൽ, ദേവികുളം വനമേഖലയിലെ പന്തടിക്കളം തുടങ്ങിയ പ്രദേശങ്ങളിലെ വന്യജീവി ഇടനാഴികളുമായി ബന്ധപ്പെട്ടാണ് നടപടി.
വന്യജീവികളുടെ സഞ്ചാരം തടസ്സപ്പെടുന്നത് മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് കാരണമാകുന്നുവെന്നാണ് ഉത്തരവിനെ അനുകൂലിക്കുന്നവരുടെ നിലപാട്. എന്നാൽ വേലികൾ നീക്കം ചെയ്യുന്നത് കർഷകരുടെ ജീവനും കൃഷിക്കും ഭീഷണിയാകുമെന്ന് സഭാ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വന്യജീവി ആക്രമണങ്ങളിൽനിന്ന് വീടുകളെയും കൃഷിയിടങ്ങളെയും സംരക്ഷിക്കാൻ കർഷകർക്ക് വേലികൾ ആവശ്യമാണെന്നും ഇവർ പറയുന്നു.
അനധികൃതമായി സർക്കാർ, വന, റവന്യൂ ഭൂമികളിൽ സ്ഥാപിച്ചിട്ടുള്ള നിർമാണങ്ങൾ മാത്രമാണ് നീക്കം ചെയ്യുന്നതെന്നും നിയമപരമായി ഭൂമി കൈവശമുള്ള കർഷകരെ നടപടി ബാധിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും അധികൃതർ വിശദീകരിക്കുന്നു.
അതേസമയം, വിഷയത്തിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് മുൻ കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി.എസ്. ഈസയുടെ നേതൃത്വത്തിൽ സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉത്തരവിന്റെ പ്രത്യാഘാതങ്ങളും വന്യജീവി ഇടനാഴികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സമിതി പരിശോധിക്കും.
വന്യജീവികളുടെ സഞ്ചാരപാത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനവാസ മേഖലകളിലെ കർഷകരുടെ സുരക്ഷയും തമ്മിൽ സന്തുലിതമായ പരിഹാരം വേണമെന്നാണ് വിഷയത്തിൽ ഉയരുന്ന ആവശ്യം.