അമേരിക്കയിൽ ഇന്ത്യൻ വംശജയായ നഴ്സിന്റെ കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

കാലിഫോർണിയ: കാണാതായ ഭാര്യയെ യുഎസ് കുടിയേറ്റ അധികൃതർ (ഐസിഇ) കൊണ്ടുപോയെന്നു പൊലീസിനോട് പറഞ്ഞ ഇന്ത്യൻ വംശജനായ യുവാവ്, ഭാര്യയുടെ കൊലപാതകക്കേസിൽ അറസ്റ്റിലായി. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം വീടിന് ഏകദേശം 70 മൈൽ അകലെ കുഴിച്ചിട്ട നിലയിലായിരുന്നു. സംഭവത്തിൽ ഭർത്താവ് ഗുരീന്ദർ ഗിൽ (28)ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി അധികൃതർ അറിയിച്ചു.

കൊല്ലപ്പെട്ട ജാസ്മിൻ ഗിൽ (30) നഴ്സും എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവുമാണ്. ഒക്ടോബർ നാലിനാണ് ജാസ്മിനെ കാണാനില്ലെന്ന് ബന്ധുവായ യുവതി പൊലീസിൽ പരാതി നൽകിയത്. അതിന് നാല് ദിവസം മുമ്പാണ് ജാസ്മിനെ അവസാനമായി കണ്ടത്.

തപാൽ ശേഖരിക്കാൻ വീടിന് പുറത്തുപോയ സമയത്ത് യുഎസ് കുടിയേറ്റ അധികൃതർ ഭാര്യയെ കൊണ്ടുപോയെന്നായിരുന്നു ഗുരീന്ദർ ഗിൽ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ അന്വേഷണത്തിനിടെ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണ്.