ന്യൂഡൽഹി: അമേരിക്കൻ തൊഴിൽ വിസകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. അമേരിക്കൻ തൊഴിലാളികൾക്കും ദേശീയ താൽപര്യങ്ങൾക്കും മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ നയത്തിൽ മാറ്റങ്ങൾ വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിച്ചേക്കാവുന്ന എച്ച്-1ബി വിസ നിയന്ത്രണങ്ങൾ സംബന്ധിച്ച ആശങ്കകൾക്കിടെയാണ് റൂബിയോയുടെ വിശദീകരണം. ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ നിയന്ത്രണങ്ങൾ അമേരിക്കയിൽ ജോലി തേടുന്ന ഇന്ത്യക്കാരെയും അവരെ നിയമിക്കാൻ ആഗ്രഹിക്കുന്ന അമേരിക്കൻ കമ്പനികളെയും ബാധിച്ചിട്ടുണ്ടെന്ന് റൂബിയോ സമ്മതിച്ചു. എന്നാൽ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടുള്ള നടപടിയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ളതോ ഇന്ത്യയെ മാത്രം കേന്ദ്രീകരിക്കുന്നതോ ആയ നയമല്ല ഇത്,” എന്നായിരുന്നു റൂബിയോയുടെ പ്രതികരണം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം കുടിയേറ്റ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കുകയാണെന്ന് റൂബിയോ പറഞ്ഞു. രാജ്യത്തെ തൊഴിലവസരങ്ങളിൽ അമേരിക്കൻ പൗരന്മാർക്ക് മുൻഗണന നൽകുകയും ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതാണ് നയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ–യുക്രെയ്ൻ യുദ്ധം, ആഗോള ഭീകരവാദം, ഇന്ത്യ–അമേരിക്ക വ്യാപാരബന്ധം, ഊർജസുരക്ഷ തുടങ്ങിയ വിഷയങ്ങളും അഭിമുഖത്തിൽ ചർച്ചയായി.
എച്ച്-1ബി വിസ നിയന്ത്രണങ്ങൾ ഇന്ത്യൻ ഐടി മേഖലയെയും അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകളെയും ബാധിക്കുമെന്ന ആശങ്ക തുടരുന്നതിനിടെയാണ് ഇന്ത്യയെ ലക്ഷ്യമിട്ടുള്ള നടപടിയല്ലെന്ന റൂബിയോയുടെ വിശദീകരണം.