ലണ്ടൻ: പ്രകൃതിദുരന്തങ്ങൾ, സൈബർ ആക്രമണങ്ങൾ, വൈദ്യുതി തടസ്സങ്ങൾ, മറ്റു അടിയന്തര സാഹചര്യങ്ങൾ എന്നിവ നേരിടുന്നതിനുള്ള കുടുംബതല മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ പുതിയ ബോധവത്കരണ പ്രചാരണം ആരംഭിച്ചു. 'Be Ready' എന്ന പേരിലാണ് രാജ്യവ്യാപകമായി പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ പുറമേനിന്നുള്ള സഹായം ലഭ്യമാകുന്നതുവരെ കുടുംബങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വീടുകളിൽ ഉണ്ടായിരിക്കണമെന്നാണ് സർക്കാർ നിർദേശം. ഓരോ വ്യക്തിക്കും ഒമ്പത് ലിറ്റർ കുടിവെള്ളവും കുറഞ്ഞത് മൂന്ന് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും കരുതണമെന്ന് അധികൃതർ അറിയിച്ചു.
ഫസ്റ്റ് എയ്ഡ് കിറ്റ്, ടോർച്ച്, അധിക ബാറ്ററികൾ, പുതപ്പുകൾ, അത്യാവശ്യ മരുന്നുകൾ, കുറച്ച് പണം, ബാറ്ററിയിലോ കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സംവിധാനത്തിലോ പ്രവർത്തിക്കുന്ന റേഡിയോ തുടങ്ങിയ സാധനങ്ങളും വീടുകളിൽ സൂക്ഷിക്കണം.
രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളുടെയും അട്ടിമറി ശ്രമങ്ങളുടെയും സാധ്യതകൾ പരിഗണിച്ചാണ് സുരക്ഷാ മുന്നൊരുക്കങ്ങൾക്ക് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതിനൊപ്പം വ്യക്തികളും കുടുംബങ്ങളും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്ന് സുരക്ഷാ മന്ത്രി ഡാൻ ജാർവിസ് വ്യക്തമാക്കി.