ലണ്ടൻ: ശൈത്യകാലത്ത് ഇൻഫ്ലുവൻസ വ്യാപനം തടയുന്നതിനായി ബ്രിട്ടനിൽ പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇംഗ്ലണ്ടിൽ ഇതുവരെ ഒരുകോടിയിലധികം ഫ്ലൂ വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ-സാമൂഹിക പരിചരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 27 ലക്ഷം പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്.

ശൈത്യകാലത്ത് ആശുപത്രികളിലെ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനുമാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നത്.

സൗജന്യ വാക്സിനേഷന് അർഹരായവർക്ക് സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി എൻഎച്ച്എസ് ആപ്പിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ടോയെന്ന് പരിശോധിക്കാനും ഫാർമസികളിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ആപ്പ് വഴി സാധിക്കും.

സ്കൂൾ വിദ്യാർഥികൾക്കുള്ള വാക്സിനേഷൻ പ്രവർത്തനങ്ങൾ 14,000 സ്കൂളുകളിലേക്ക് വ്യാപിപ്പിച്ചു. നേരത്തെ വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് ഫാർമസികൾ വഴി പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മുതിർന്ന പൗരന്മാർ, ഗർഭിണികൾ, കുട്ടികൾ, ദീർഘകാല ആരോഗ്യപ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് വാക്സിനേഷൻ പ്രധാനമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ ഫ്ലൂ വാക്സിനേഷൻ വഴി ഏകദേശം ഒരുലക്ഷം ആശുപത്രി പ്രവേശനങ്ങളും 7,000 മരണങ്ങളും ഒഴിവാക്കാൻ കഴിഞ്ഞതായാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണക്ക്.