ജനീവ: എൽ നിനോ പ്രതിഭാസം പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ശക്തമായ നിലയിലെത്താൻ സാധ്യതയുണ്ടെന്നും പസഫിക് സമുദ്രത്തിലെ താപനില റെക്കോർഡ് ഉയരത്തിലെത്തിയേക്കാമെന്നും ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) മുന്നറിയിപ്പ് നൽകി. നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ മധ്യ പസഫിക് സമുദ്രത്തിലെ താപനില സാധാരണയേക്കാൾ ഏകദേശം 3.8 ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കാമെന്നാണ് പ്രവചനം. ഡിസംബറോടെ പ്രതിഭാസം ഏറ്റവും ശക്തിയിലെത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എൽ നിനോയുടെ സ്വാധീനം ആഗോള കാലാവസ്ഥാ രീതികളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. ചില മേഖലകളിൽ വരൾച്ചയും ഉഷ്ണതരംഗങ്ങളും ശക്തമാകുമ്പോൾ മറ്റു പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ ചൂടും മഴയുടെ കുറവും കൃഷിയെയും ജലലഭ്യതയെയും ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

എൽ നിനോയുടെ ശക്തി മാത്രം അടിസ്ഥാനമാക്കി അതിന്റെ ആഘാതം കൃത്യമായി പ്രവചിക്കാനാകില്ലെന്നും കാലാവസ്ഥാ വ്യതിയാനവും പ്രാദേശിക സാഹചര്യങ്ങളും കൂടി പരിഗണിക്കേണ്ടതുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.