ടാങ്കറിൽനിന്ന് എണ്ണ ചോർന്നതിനെ തുടർന്ന് നടപടി; കടൽത്തീരങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു
ഉമ്മുൽ ഖുവൈൻ: എണ്ണ ടാങ്കറിൽനിന്നുണ്ടായ ചോർച്ചയെ തുടർന്ന് യുഎഇയിലെ ഉമ്മുൽ ഖുവൈൻ എമിറേറ്റിലെ എല്ലാ കടൽത്തീരങ്ങളും അടച്ചു. പരിസ്ഥിതി മലിനീകരണം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് അധികൃതരുടെ നടപടി.
കടലിൽ എണ്ണപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് തീരപ്രദേശങ്ങളിലേക്ക് എണ്ണ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എണ്ണച്ചോർച്ചയുടെ വ്യാപ്തി വിലയിരുത്താനും മലിനീകരണം നീക്കം ചെയ്യാനും ബന്ധപ്പെട്ട അധികൃതർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കടൽത്തീരങ്ങളിൽ നീന്തൽ, വിനോദപ്രവർത്തനങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തെ സാഹചര്യം നിരീക്ഷിച്ചശേഷം നിയന്ത്രണങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
ചോർച്ചയുടെ കൃത്യമായ അളവും ടാങ്കറിന്റെ വിവരങ്ങളും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.