ചികിത്സയുടെ തുടർച്ചയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കണം

കോഴിക്കോട്: സ്പൈനൽ മസ്‌കുലാർ അട്രോഫി (SMA) ബാധിച്ച കുട്ടികൾക്ക് തുടർച്ചയായ ചികിത്സ ഉറപ്പാക്കുന്നതിനും ചികിത്സയുടെ സാമ്പത്തികഭാരം കുറച്ച് കൂടുതൽ കുട്ടികളിലേക്ക് ചികിത്സ എത്തിക്കുന്നതിനുമായി ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികൾ സ്വാഗതാർഹ മാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കേരള സംസ്ഥാന ഘടകം അഭിപ്രായപ്പെട്ടു.

ഗുരുതരമായ ജനിതക രോഗമായ എസ്.എം.എ. കുട്ടികളുടെ പേശീബലത്തെയും ചലനശേഷിയെയും ശ്വസനശേഷിയെയും ബാധിക്കുന്നു. രോഗത്തിന്റെ പുരോഗതി നിയന്ത്രിക്കുന്നതിൽ റിസ്‌ഡിപ്ലാം (Risdiplam) പോലുള്ള മരുന്നുകൾക്ക് നിർണായക പങ്കുണ്ട്. എന്നാൽ, ഇത്തരം അപൂർവ രോഗങ്ങൾക്കുള്ള ചികിത്സയുടെ ഉയർന്ന ചെലവ് രോഗികളെയും കുടുംബങ്ങളെയും സർക്കാരിനെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നതാണ്.

റോഷെ കമ്പനിയുടെ Evrysdi എന്ന ബ്രാൻഡഡ് മരുന്നിന് പകരമായി നാറ്റ്കോ ഫാർമയുടെ Natsmart എന്ന കുറഞ്ഞ വിലയിലുള്ള റിസ്‌ഡിപ്ലാം മരുന്ന് ലഭ്യമാകുന്നത് ചികിത്സ കൂടുതൽ താങ്ങാനാവുന്നതാക്കാനുള്ള അവസരമാണ്. മരുന്നുകളുടെ വില കുറയുന്നത് അപൂർവരോഗ ചികിത്സാ പദ്ധതികളുടെ സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനും സർക്കാർ വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കും.

കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ രോഗികളുടെ താൽപര്യത്തിന് അനുസൃതമായി മുന്നോട്ടുകൊണ്ടുപോകണം. അതോടൊപ്പം, മരുന്നിൻ്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുകയും ആവശ്യമായ അംഗീകാരങ്ങളും ശാസ്ത്രീയ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യുന്നത് പ്രധാനമാണ്. ബ്രാൻഡഡ് മരുന്നായാലും കുറഞ്ഞ വിലയിലുള്ള ബദൽ മരുന്നായാലും ശാസ്ത്രീയമായ തെളിവുകളുടെയും വിദഗ്ദ്ധാഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം ചികിത്സാ തീരുമാനങ്ങൾ.

എസ്.എ.ടി. ആശുപത്രിയിൽ ആരംഭിച്ച ചികിത്സാപദ്ധതിയിലൂടെ നിരവധി കുട്ടികൾക്ക് വിലയേറിയ ചികിത്സ ലഭ്യമാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ നേട്ടം നിലനിർത്തു ന്നതിനും കൂടുതൽ കുട്ടികളെ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനും മരുന്നിൻ്റെ തുടർച്ചയായ ലഭ്യതയും കാര്യക്ഷമമായ വിതരണ സംവിധാനവും അനിവാര്യമാണ്.

പുതിയ മരുന്നിൻ്റെ വിതരണവുമായി ബന്ധപ്പെട്ട് സാമ്പിൾ എന്ന് രേഖപ്പെടുത്തിയ മരുന്ന് ലഭിച്ചതിനെത്തുടർന്ന് ചില രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ, മരുന്നിന്റെ ഉറവിടം, ഗുണനിലവാര ഉറപ്പ്, വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെക്കുറിച്ച് ആരോഗ്യവകുപ്പ് വ്യക്തമായ വിശദീകരണം നൽകുന്നത് ഉചിതമായിരിക്കും. രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുകയും ചികിത്സയിലുള്ള വിശ്വാസം നിലനിർത്തുകയും ചെയ്യുന്നതിൽ സുതാര്യമായ ആശയവിനിമയത്തിന് വലിയ പ്രാധാന്യമുണ്ട്.

ഐ.എം.എ. കേരളത്തിൻ്റെ അഭിപ്രായത്തിൽ, ഈ വിഷയത്തിൽ ബ്രാൻഡുകൾ തമ്മിലുള്ള തർക്കങ്ങൾക്കപ്പുറം കുട്ടികളുടെ സുരക്ഷയും ചികിത്സയുടെ തുടർച്ചയും പൊതുജനാരോഗ്യ ത്തിന്റെ താൽപര്യവുമാണ് പ്രഥമ പരിഗണനയാകേണ്ടത്.

എസ്.എം.എ. ബാധിച്ച ഒരു കുട്ടിക്കും മരുന്നിൻ്റെ ലഭ്യതയിലെ തടസ്സം മൂലം ചികിത്സ മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. കുറഞ്ഞ വിലയിലുള്ള മരുന്നുകൾ പ്രയോജനപ്പെടുത്തി കൂടുതൽ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം, ചികിത്സയിൽ ആവശ്യമായ വിദഗ്ദ്ധ മേൽനോട്ടവും തുടർനിരീക്ഷണവും ഉറപ്പാക്കണം. കുടുംബങ്ങളുടെ സാമ്പത്തികശേഷി പരിഗണിക്കാതെ അർഹരായ എല്ലാ കുട്ടികൾക്കും തുടർച്ചയായ ചികിത്സ ലഭ്യമാക്കാൻ സർക്കാർ ദീർഘകാല സംവിധാനം ശക്തിപ്പെടുത്തുകയും വേണം.

അപൂർവരോഗ ചികിത്സയുടെ ചെലവ് കുറയ്ക്കുന്നതിനും ചികിത്സ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കുന്നതിനുമുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങളെ ഐ.എം.എ പിന്തുണയ്ക്കുന്നു. താങ്ങാനാവുന്ന വിലയിൽ ഗുണമേന്മയുള്ള മരുന്നും തടസ്സമില്ലാത്ത ചികിത്സയും ഉറപ്പാക്കുക എന്നതാണ് രോഗികൾക്കും കുടുംബങ്ങൾക്കും ഏറ്റവും വലിയ ആശ്വാസം നൽകുന്ന നടപടിയെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോനും, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രനും വ്യക്തമാക്കി.