അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, വിസ, രേഖകളുടെ അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ നൽകിവന്നിരുന്ന നാല് അപേക്ഷാകേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചു. ഒക്ടോബർ 22 മുതൽ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തെ ഇന്ത്യൻ കോൺസുലർ അപേക്ഷാകേന്ദ്രങ്ങളുടെ എണ്ണം 16ൽനിന്ന് 12 ആയി കുറഞ്ഞു.
അബുദാബിയിലെ മുസഫ, അൽ റീം ഐലൻഡ്, ദുബായിലെ ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്-1, ഷാർജയിലെ അൽ മജാസ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് അടച്ചത്. ഭരണപരമായ കാരണങ്ങളാലാണ് നടപടി സ്വീകരിച്ചതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. നിലവിലുള്ള മറ്റു കേന്ദ്രങ്ങൾ വഴി കോൺസുലർ സേവനങ്ങൾ തടസ്സമില്ലാതെ തുടരും.
അബുദാബിയിലെ അൽ ദാന, അൽ ഐൻ, മദീനത്ത് സായിദ്, ഗയാത്തി, ദുബായിലെ ബർ ദുബായ്, ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ കേന്ദ്രം, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലാണ് സേവനങ്ങൾ ലഭ്യമാകുക.
പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാണ് സേവനസമയം. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവർ അനുവദിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ കേന്ദ്രങ്ങളിൽ എത്താവൂ. അടിയന്തര പാസ്പോർട്ട് അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ, നവജാതശിശുക്കളുടെ പാസ്പോർട്ട് അപേക്ഷകൾ, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരുടെ അപേക്ഷകൾ എന്നിവയ്ക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ നേരിട്ടെത്താനുള്ള സൗകര്യമുണ്ട്.
പാസ്പോർട്ട് പുതുക്കൽ, വിസ, രേഖകളുടെ അറ്റസ്റ്റേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തുന്ന പ്രവാസികൾ പുതിയ ക്രമീകരണങ്ങൾ പരിശോധിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു.