ന്യൂഡൽഹി: ഇന്ത്യയുമായുള്ള എണ്ണയിതര വ്യാപാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 50 ശതമാനം വർധിച്ചതായി യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി. എൻഡിടിവി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനയാണ് വ്യാപാരത്തിലെ ഈ വളർച്ചയെന്ന് മന്ത്രി വ്യക്തമാക്കി.
എണ്ണയിതര മേഖലകളിലെ വ്യാപാര സഹകരണം ഇരുരാജ്യങ്ങളുടെയും സാമ്പത്തിക പങ്കാളിത്തത്തിൽ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022 മേയിൽ നിലവിൽ വന്ന ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതിനും വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും സഹായിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളർ കടന്നതായും റിപ്പോർട്ടുകളുണ്ട്.
എണ്ണയിതര വ്യാപാരത്തിലെ വളർച്ചയും സാമ്പത്തിക സഹകരണത്തിന്റെ വിപുലീകരണവും ഇന്ത്യ–യുഎഇ ബന്ധത്തിൽ പുതിയ അവസരങ്ങൾ തുറക്കുന്നതായാണ് വിലയിരുത്തൽ.