കുവൈത്ത് സിറ്റി: ജഹ്റ വ്യവസായ മേഖലയിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ സുരക്ഷാ, ഗതാഗത പരിശോധനയിൽ 204 നടപടികൾ സ്വീകരിച്ചു. ഗതാഗതനിയമലംഘനങ്ങൾ, താമസനിയമലംഘനങ്ങൾ, തിരിച്ചറിയൽ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവർ, വിവിധ കേസുകളിൽ അന്വേഷണവിധേയരായവർ എന്നിവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് നടപടി.
ജഹ്റ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 110 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. വിവിധ കേസുകളിൽ ആവശ്യക്കാരായവരും ജോലിയിൽനിന്ന് ഒളിച്ചോടിയതായി രജിസ്റ്റർ ചെയ്തവരുമായ 33 പേരെ പിടികൂടി. തിരിച്ചറിയൽ രേഖകളില്ലാത്ത 21 പേരെയും പരിശോധനയിൽ കണ്ടെത്തി.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13 പേരും താമസാനുമതിയുടെ കാലാവധി അവസാനിച്ച 10 പേരും പിടിയിലായി. സ്ഥിരമായ തൊഴിൽനിയന്ത്രണങ്ങളില്ലാതെ പ്രവർത്തിച്ചിരുന്ന 10 തൊഴിലാളികളെയും അനധികൃത വഴിയോര കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന നാലുപേരെയും കണ്ടെത്തി. വിസയുടെ കാലാവധി അവസാനിച്ച രണ്ടുപേരും രാജ്യത്ത് പ്രവേശന വിലക്കുള്ള ഒരാളും പരിശോധനയിൽ പിടിയിലായി.
സുരക്ഷാ ഡയറക്ടറേറ്റുകളുടെ ചുമതലയുള്ള ബ്രിഗേഡിയർ അബ്ദുൽ അസീസ് ബദർ അൽ ഒമറിന്റെയും ജഹ്റ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുല്ല ഹമൂദ് അൽ മുതൈരിയുടെയും മേൽനോട്ടത്തിലാണ് പരിശോധന നടന്നത്.
നിയമലംഘനങ്ങൾ നിയന്ത്രിക്കുകയും വ്യവസായ മേഖലയിലെ സുരക്ഷയും പൊതുക്രമവും ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് നടപടി സംഘടിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.