കൊച്ചി: സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം 'ജയിലർ 2'-ൽ താൻ അഭിനയിച്ച പതിനാറോളം രംഗങ്ങൾ എഡിറ്റിംഗിൽ ഒഴിവാക്കപ്പെട്ടതായി വെളിപ്പെടുത്തി നടി അന്ന രേഷ്മ രാജൻ. ചിത്രത്തിൽ വില്ലൻ കഥാപാത്രമായെത്തിയ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ വേഷത്തിലാണ് അന്ന വേഷമിട്ടത്. ഒരു അഭിമുഖത്തിനിടെയാണ് താരം സിനിമ അനുഭവങ്ങളും രംഗങ്ങൾ വെട്ടിമാറ്റിയതിനെക്കുറിച്ചുള്ള രസകരമായ വിവരങ്ങളും പങ്കുവെച്ചത്.
സുരാജിനൊപ്പം നിരവധി കോമ്പിനേഷൻ സീനുകൾ തനിക്ക് ചിത്രത്തിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ സിനിമയുടെ അന്തിമ രൂപം എഡിറ്റ് ചെയ്തപ്പോൾ അവയിൽ ഭൂരിഭാഗവും ഒഴിവാക്കപ്പെടുകയായിരുന്നുവെന്നും നടി വ്യക്തമാക്കി. ചിത്രത്തിലെ തന്റെ 'മാമാ, തമ്പി പാവം' എന്ന വൈറൽ ഡയലോഗിന് ശേഷം സുരാജ് വെഞ്ഞാറമൂട് നൽകുന്ന പ്രതികരണത്തിന് പിന്നാലെ തന്റേതായ മറ്റൊരു ക്യൂട്ട് റിയാക്ഷൻ കൂടി ചിത്രീകരിച്ചിരുന്നു.
എന്നാൽ സുരാജിന്റെ കഥാപാത്രത്തിന്റെ ഗൗരവത്തിനും പ്രാധാന്യത്തിനും അത് കോട്ടയേക്കുമെന്ന കാരണം പറഞ്ഞാണ് ആ രംഗം ഒഴിവാക്കിയത്.
ചിത്രം മുഴുവൻ എഡിറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ തന്റെ വേഷം എങ്ങനെയുണ്ടെന്ന ആശങ്കയിൽ "എന്റെ സീൻ എന്തെങ്കിലും സിനിമയിലുണ്ടോ?" എന്ന് താൻ അവസാനം ചോദിച്ചുപോയെന്നും അന്ന തമാശരൂപേണ ഓർത്തെടുത്തു.
മോഹൻലാലിന്റെ സീനുകൾ എഡിറ്റ് ചെയ്തു കളഞ്ഞാലും ആ സ്ക്രീൻ പ്രസൻസ് കിട്ടുന്നത് പോലെയാണ് കാര്യങ്ങളെന്നും, സംവിധായകൻ നെൽസൺ എല്ലാവരെയും സിനിമയിൽ മികച്ച രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു. സീനുകൾ വെട്ടിമാറ്റിയെങ്കിലും സൂപ്പർതാരം രജനീകാന്തിനൊപ്പം ഒപ്പമുണ്ടായിരുന്ന ആ ഒരു മാസത്തെ ഷൂട്ടിംഗ് അനുഭവം വളരെ വലുതാണെന്നും, ചിലപ്പോൾ അടുത്ത ഭാഗമായ 'ജയിലർ 3'-ൽ തന്റെ കഥാപാത്രം പ്രതികാരവുമായി തിരികെ വന്നേക്കാം എന്നും താരം കൂട്ടിച്ചേർത്തു.
കേരളത്തിലെ ആലുവ സ്വദേശിനിയായ അന്ന രേഷ്മ രാജൻ (അന്ന രാജൻ), സിനിമയിലേക്ക് വരുന്നതിന് മുൻപ് കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. യാതൊരുവിധ സിനിമാ പശ്ചാത്തലവുമില്ലാതെയാണ് കടന്നുവന്നതെങ്കിലും, ലിജോ ജോസ് പെല്ലിശ്ശേരി - വിജയ് ബാബു കൂട്ടുകെട്ടിന്റെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ 'അങ്കമാലി ഡയറീസ്' (2017) എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
ആ ചിത്രത്തിലെ 'ലിച്ചി' എന്ന കഥാപാത്രം മലയാള സിനിമ പ്രേക്ഷകരുടെ ഇടയിൽ വലിയ തരംഗമായി മാറി. 'ലിച്ചി' എന്ന ഒറ്റപ്പേരിലൂടെയാണ് ഇവർ ഇന്നും മലയാളി മനസ്സുകളിൽ അറിയപ്പെടുന്നത്.
തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ 'വെളിപ്പാടിന്റെ പുസ്തകം' (2017) എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായും അന്ന അഭിനയിച്ചു.
പിന്നീട് മധുരരാജ, അയ്യപ്പനും കോശിയും, വികടകുമാരൻ, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നഴ്സിംഗ് രംഗത്തു നിന്നും യാദൃശ്ചികമായി സിനിമയിലെത്തി, ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്താൻ ഈ യുവനടിക്കായി.
ഒടുവിൽ തമിഴ് സൂപ്പർഹിറ്റ് ഫ്രാഞ്ചൈസിയായ 'ജയിലർ 2'-ലൂടെ തമിഴകത്തും തന്റെ സാന്നിദ്യം അറിയിച്ചിരിക്കുകയാണ് അന്ന രേഷ്മ രാജൻ.