ദോഹ: രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നാല് പുതിയ സ്വകാര്യ സ്കൂളുകൾ സ്ഥാപിക്കാൻ ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം കരാറുകളിൽ ഒപ്പുവെച്ചു. പുതിയ സ്കൂളുകൾ പ്രവർത്തനസജ്ജമാകുന്നതോടെ 5,000 വിദ്യാർഥികൾക്ക് അധിക പഠനസൗകര്യം ലഭ്യമാകും.

സ്കൂളുകളുടെ നിർമാണത്തിനും നടത്തിപ്പിനുമായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ കമ്പനികൾക്ക് ഭൂമി അനുവദിക്കുന്ന കരാറുകളിലാണ് മന്ത്രാലയം ഒപ്പുവെച്ചത്. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ, വാണിജ്യ-വ്യവസായ മന്ത്രാലയം എന്നിവയുടെ ഏകോപനത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.

രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർധിച്ചുവരുന്ന പഠനാവശ്യകത പരിഗണിച്ചാണ് പുതിയ സ്കൂളുകൾ സ്ഥാപിക്കുന്നത്. വിദ്യാർഥികൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

പുതിയ സ്ഥാപനങ്ങളുടെ നിർമാണവും പ്രവർത്തനവും സംബന്ധിച്ച തുടർനടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിപ്പിക്കും. സ്കൂളുകളുടെ കൃത്യമായ സ്ഥലങ്ങളും പ്രവർത്തനം ആരംഭിക്കുന്ന തീയതിയും പിന്നീട് വ്യക്തമാക്കും.