വിയന്ന: യൂറോപ്പിലെ സുരക്ഷയും സഹകരണവും സംബന്ധിച്ച സംഘടനയായ ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോ-ഓപ്പറേഷൻ ഇൻ യൂറോപ്പ് ഖത്തറിനെ പന്ത്രണ്ടാമത് സഹകരണ പങ്കാളിയായി അംഗീകരിച്ചു. സംഘടനയുടെ മന്ത്രിതല കൗൺസിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

അന്താരാഷ്ട്ര സംഘർഷങ്ങളിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നതിലും നയതന്ത്ര ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിലും ഖത്തർ വഹിക്കുന്ന പങ്കിന്റെ പശ്ചാത്തലത്തിലാണ് പുതിയ അംഗീകാരം.

സുരക്ഷ, പ്രാദേശിക സ്ഥിരത, അന്താരാഷ്ട്ര സഹകരണം, നയതന്ത്ര സംഭാഷണം തുടങ്ങിയ മേഖലകളിൽ ഖത്തറും സംഘടനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ പങ്കാളിത്തം അവസരമൊരുക്കും.

യൂറോപ്പിനും പശ്ചിമേഷ്യയ്ക്കും ഇടയിലെ സുരക്ഷാ സഹകരണവും നയതന്ത്ര ബന്ധങ്ങളും കൂടുതൽ വികസിപ്പിക്കുന്നതിനും ഖത്തറിന്റെ പങ്കാളിത്തം സഹായകരമാകും. വിവിധ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ വികസിപ്പിക്കുകയും സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന ഖത്തറിന്റെ വിദേശനയത്തിന് പുതിയ അംഗീകാരം പ്രാധാന്യമർഹിക്കുന്നു.