കുവൈത്ത് സിറ്റി: കുവൈത്ത് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ പുതിയ കെട്ടിട നിർമാണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രാലയം അണ്ടർസെക്രട്ടറി കഫായ അൽ നജ്ദി പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തി. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാന്റെ നിർദേശപ്രകാരമാണ് സർക്കാർ നിർമാണ പദ്ധതികളുടെ പുരോഗതി നേരിട്ട് പരിശോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സന്ദർശനം സംഘടിപ്പിച്ചത്.

ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ കൺസ്ട്രക്ഷൻ ആൻഡ് മേജർ പ്രോജക്ട്സിന്റെ ഡയറക്ടർ ജനറൽ എൻജിനീയർ ദുഹ അൽ ദാഹിയും സന്ദർശനത്തിൽ പങ്കെടുത്തു. പദ്ധതിയുടെ നിലവിലെ പ്രവർത്തനങ്ങൾ, നിർമാണ പുരോഗതി, നിശ്ചയിച്ചിട്ടുള്ള സമയക്രമം, അംഗീകരിച്ച സാങ്കേതിക മാനദണ്ഡങ്ങൾ എന്നിവ സംഘം വിലയിരുത്തി.

പദ്ധതി നടപ്പാക്കുന്നതിൽ നേരിടുന്ന തടസ്സങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കുന്നതിനുമാണ് പരിശോധനയ്ക്ക് പ്രാധാന്യം നൽകിയതെന്ന് പൊതുമരാമത്ത് മന്ത്രാലയം വ്യക്തമാക്കി.