കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ ഫീസുകൾ വിമാനടിക്കറ്റുകളിൽ വ്യക്തമായും പ്രത്യേകം രേഖപ്പെടുത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചു. യാത്രക്കാർ ടിക്കറ്റ് വാങ്ങുമ്പോൾ അടയ്ക്കുന്ന ഓരോ ഫീസിന്റെയും സ്വഭാവവും തുകയും മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ വിവരങ്ങൾ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം.

2026 ഒക്ടോബർ 19ന് പുറത്തിറക്കിയ 58/2026 നമ്പർ സർക്കുലറിലാണ് വിമാനത്താവള ഫീസുകൾ സംബന്ധിച്ച നിർദേശങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സർക്കുലറിൽ പരാമർശിക്കുന്ന എല്ലാ ഫീസുകളും പുതുതായി ഏർപ്പെടുത്തിയതല്ലെന്നും ചിലത് നേരത്തെ പ്രാബല്യത്തിലുള്ളതാണെന്നും സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ രാജ്ഹി വ്യക്തമാക്കി. മറ്റു ചില ഫീസുകൾ അടുത്തിടെയാണ് നിലവിൽ വന്നത്.

ടിക്കറ്റിന്റെ ആകെ നിരക്കിൽ ഉൾപ്പെടുന്ന വിവിധ ചാർജുകൾ യാത്രക്കാർക്ക് തിരിച്ചറിയാൻ കഴിയുന്ന ഏകീകൃത സംവിധാനമാണ് നടപ്പാക്കുന്നത്. വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കുന്ന ഫീസുകളുടെ കോഡുകളും തുകയും പ്രത്യേകം പ്രദർശിപ്പിക്കണം.

ടിക്കറ്റ് റദ്ദാക്കുമ്പോഴും റീഫണ്ടിന് അപേക്ഷിക്കുമ്പോഴും ഈ വിവരങ്ങൾ യാത്രക്കാർക്ക് പ്രയോജനപ്പെടും. ടിക്കറ്റ് വ്യവസ്ഥകളും ബാധകമായ ചട്ടങ്ങളും അനുസരിച്ച് തിരിച്ചുകിട്ടേണ്ട തുക സംബന്ധിച്ച വ്യക്തത ഉറപ്പാക്കാനും പുതിയ സംവിധാനം സഹായിക്കും.

കുവൈത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിമാനക്കമ്പനികളും ട്രാവൽ, ടൂറിസം ഏജൻസികളും സർക്കുലറിലെ നിർദേശങ്ങൾ പാലിക്കണമെന്ന് അബ്ദുല്ല അൽ രാജ്ഹി ആവശ്യപ്പെട്ടു. യാത്രക്കാരും വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത ഉറപ്പാക്കുന്നതും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമാണ് നടപടിയുടെ പ്രധാന ലക്ഷ്യം.