ചെന്നൈ: മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനായി അടുത്ത അഞ്ചുവർഷത്തിനിടെ 180 കോടി രൂപ ചെലവിടാൻ തമിഴ്നാട് സർക്കാർ. വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയുന്നതിനും മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് തുക വിനിയോഗിക്കുന്നത്.

‘സമഗ്ര മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണ പദ്ധതി’യുടെ ഭാഗമായി സംഘർഷസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ തൂക്കിയിടുന്ന സൗരോർജ വേലികൾ സ്ഥാപിക്കുന്നതിനാണ് പ്രധാന പരിഗണന. വനാതിർത്തികളിൽ വന്യജീവികളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനും അവ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയുന്നതിനും ഇത്തരം സംവിധാനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

വനസംരക്ഷണത്തിൽ തദ്ദേശീയ സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പദ്ധതിയിൽ ഊന്നൽ നൽകുന്നു. വനാതിർത്തികളോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ഉൾപ്പെടുത്തി വനസംരക്ഷണവും സംഘർഷം തടയുന്നതിനുള്ള പ്രവർത്തനങ്ങളും നടപ്പാക്കും.

മനുഷ്യ–വന്യജീവി സംഘർഷം പതിവായി റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ പ്രതിരോധ നടപടികൾ ശക്തമാക്കുകയും വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ പ്രശ്നത്തിന് ദീർഘകാല പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.