ദോഹ: ആഭ്യന്തര സുരക്ഷാ, പ്രതിരോധ സാങ്കേതികവിദ്യകളുടെ അന്താരാഷ്ട്ര പ്രദർശനമായ മിലിപോൾ ഖത്തർ 2026ന്റെ പതിനാറാമത് പതിപ്പ് സമാപിച്ചു. മൂന്നുദിവസം നീണ്ട പ്രദർശനത്തിൽ 819.8 മില്യൺ ഖത്തർ റിയാൽ മൂല്യമുള്ള 96 കരാറുകളാണ് ഒപ്പുവെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 16,000ത്തിലധികം സന്ദർശകർ പ്രദർശനത്തിലെത്തി.

ഒക്ടോബർ 20 മുതൽ 22 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രദർശനം ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് സംഘടിപ്പിച്ചത്. സുരക്ഷാ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര കമ്പനികളും സർക്കാർ പ്രതിനിധികളും വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു.

കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയ സുരക്ഷാ സംവിധാനങ്ങൾ, നിരീക്ഷണ സാങ്കേതികവിദ്യകൾ, ഡിജിറ്റൽ സുരക്ഷ, അത്യാധുനിക പൊലീസ് ഉപകരണങ്ങൾ, ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളായത്.

പ്രദർശനത്തോടനുബന്ധിച്ച് കൃത്രിമബുദ്ധിയും സുരക്ഷയും സംബന്ധിച്ച ദോഹ അന്താരാഷ്ട്ര സമ്മേളനവും സംഘടിപ്പിച്ചു. സുരക്ഷാ മേഖലയിലെ പുതിയ വെല്ലുവിളികൾ, സാങ്കേതികവിദ്യകളുടെ ഉപയോഗം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു.

ആഭ്യന്തര സുരക്ഷാ രംഗത്തെ പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനൊപ്പം ഖത്തറിലെ സുരക്ഷാ സ്ഥാപനങ്ങളും അന്താരാഷ്ട്ര കമ്പനികളും തമ്മിലുള്ള സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനും പ്രദർശനം അവസരമൊരുക്കി.