ന്യൂഡൽഹി: മുതിർന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥൻ മനീഷ് ഗാർഗിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ നൽകിയ പരാതികളിൽ നടപടിയെടുക്കാൻ കാബിനറ്റ് സെക്രട്ടേറിയറ്റ് വിസമ്മതിച്ചു. പരാതികൾ കമ്മിഷന്റെ ഔദ്യോഗിക നിലപാടായി കണക്കാക്കാനാകില്ലെന്നും കമ്മിഷണർമാർ വ്യക്തിഗത ശേഷിയിൽ നൽകിയ കത്തുകളാണെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ ജൂലൈ 29-ന് കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന് പ്രത്യേകം കത്തുകൾ അയച്ചിരുന്നു. മുതിർന്ന ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ മനീഷ് ഗാർഗിന്റെ പ്രവർത്തനരീതിയിലും ഉദ്യോഗസ്ഥർക്കിടയിലെ ചുമതലാ വിഭജനത്തിലും ആശങ്കകൾ ഉന്നയിച്ചായിരുന്നു കത്തുകൾ.
മുതിർന്ന ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർമാർ, ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർമാർ, ഡയറക്ടർ ജനറൽമാർ, തത്തുല്യ പദവിയിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്കിടയിലെ ചുമതലകൾ ഗാർഗ് പുനഃക്രമീകരിച്ചുവെന്നും ഇതിനായി കമ്മിഷന്റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയോ മുൻകൂർ അനുമതിയും ചർച്ചയും ഉണ്ടായില്ലെന്നും പരാതികളിൽ ആരോപിച്ചിരുന്നു.
വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനും വിവരാവകാശ പ്രവർത്തകനുമായ ലോകേഷ് കെ. ബത്ര നൽകിയ അപേക്ഷയ്ക്ക് മറുപടിയായാണ് കാബിനറ്റ് സെക്രട്ടേറിയറ്റ് വിശദീകരണം നൽകിയത്. കമ്മിഷണർമാരുടെ കത്തുകൾ ഗൗരവത്തോടെ കാണേണ്ടതാണെങ്കിലും അവ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക പരാതികളായി പരിഗണിക്കാനാവില്ലെന്ന് സെക്രട്ടേറിയറ്റ് കുറിപ്പിൽ വ്യക്തമാക്കി.
കത്തുകൾ ലഭിച്ചതായി അറിയിക്കാനും അവയുടെ പകർപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറാനും സെക്രട്ടേറിയറ്റ് നിർദേശിച്ചു. ഭാവിയിൽ മനീഷ് ഗാർഗിനെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുമ്പോൾ പരാതികൾ പരിഗണിക്കാനായി രേഖകളിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ചുമതലാ വിഭജനത്തിൽ ഏകപക്ഷീയമായ മാറ്റമെന്ന് ആരോപണം
ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ (അഡ്മിനിസ്ട്രേഷൻ) വിഭാഗത്തിന്റെ ലിങ്ക് ഓഫീസറായി ചുമതലയേറ്റശേഷം ഗാർഗ് മുതിർന്ന ഉദ്യോഗസ്ഥർക്കിടയിലെ ജോലിവിഭജനം മാറ്റിയെന്നാണ് സന്ധുവും ജോഷിയും ആരോപിച്ചത്. കമ്മിഷനുമായി മുൻകൂർ ചർച്ച നടത്തുകയോ അനുമതി തേടുകയോ ചെയ്തില്ലെന്നും കത്തുകളിൽ ചൂണ്ടിക്കാട്ടി.
ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് കമ്മിഷനുമായി ചർച്ച നടത്തണമെന്നും അനുമതി നേടണമെന്നും വാക്കാലും രേഖാമൂലവും നിർദേശിച്ചിരുന്നുവെന്നും കമ്മിഷണർമാർ വ്യക്തമാക്കി. ബന്ധപ്പെട്ട ഫയൽ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് വിവേക് ജോഷി പരാതിയിൽ ആരോപിച്ചു.
2023-ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരും (നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി) നിയമത്തിലെ വ്യവസ്ഥകൾക്കും നിലവിലുള്ള നടപടിക്രമങ്ങൾക്കും വിരുദ്ധമാണ് മാറ്റങ്ങളെന്നും പരാതികളിൽ വാദിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്ര പ്രവർത്തനത്തെക്കുറിച്ച് സെക്രട്ടേറിയറ്റ്
തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനാ സ്ഥാപനമാണെന്നും എക്സിക്യൂട്ടീവിന്റെ ഇടപെടലുകളിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സംവിധാനമാണ് അതിനുള്ളതെന്നും കാബിനറ്റ് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. കമ്മിഷന്റെ പ്രവർത്തനം സ്വന്തം ചട്ടങ്ങളും മാർഗനിർദേശങ്ങളും അനുസരിച്ചാണ്നടക്കേണ്ടതെന്നും കുറിപ്പിൽ വ്യക്തമാക്കി.
2023-ലെ നിയമത്തിലെ 18-ാം വകുപ്പും സെക്രട്ടേറിയറ്റ് പരാമർശിച്ചു. കമ്മിഷന്റെ തീരുമാനങ്ങൾ സാധ്യമായിടത്തോളം ഏകകണ്ഠമായിരിക്കണമെന്നും അഭിപ്രായവ്യത്യാസങ്ങൾ ഭൂരിപക്ഷ തീരുമാനത്തിലൂടെ പരിഹരിക്കണമെന്നും ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു.
മനീഷ് ഗാർഗിനെ നിയമിച്ചത് കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയാണെങ്കിലും, കമ്മിഷനിൽ ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിധേയമാണെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
കമ്മിഷന്റെ ഔദ്യോഗിക കത്ത് ലഭിക്കാത്ത സാഹചര്യത്തിൽ വ്യക്തിഗത പരാതികളിൽ നടപടി സ്വീകരിക്കുന്നത് അനുചിതമാകാമെന്നും അത്തരം ഇടപെടൽ ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ കൈകടത്തലായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു.
ജോലിവിഭജന ഉത്തരവുകൾ നടപ്പാക്കിയില്ലെന്ന് കമ്മിഷൻ
തിരഞ്ഞെടുപ്പ് പട്ടികയുമായി ബന്ധപ്പെട്ട ചുമതലകളുടെ വിഭജനത്തിൽ മാറ്റം വരുത്തിയതിനെച്ചൊല്ലിയാണ് തർക്കം ഉയർന്നത്. പേരുകൾ ചേർക്കൽ, ഒഴിവാക്കൽ, വോട്ടർ പട്ടിക പുതുക്കൽ തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനതല ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ കേന്ദ്രീകരിക്കപ്പെടുമെന്ന ആശങ്ക കമ്മിഷണർമാർ ഉന്നയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
സെപ്റ്റംബർ 26-ന് പുറത്തിറക്കിയ പ്രസ്താവനയിൽ, മനീഷ് ഗാർഗ് പുറപ്പെടുവിച്ച ജോലിവിഭജന ഉത്തരവുകൾ സന്ധുവിന്റെയും ജോഷിയുടെയും നിർദേശത്തെത്തുടർന്ന് നടപ്പാക്കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തുകൾ ഡെപ്യൂട്ടേഷനിലുള്ള ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ചുള്ളതാണെന്നും നയപരമായ വിഷയങ്ങളുമായോ കമ്മിഷന്റെ ഐടി വിഭാഗത്തിന്റെ പ്രവർത്തനങ്ങളുമായോ ബന്ധമില്ലെന്നും കമ്മിഷൻ വിശദീകരിച്ചു.