കൊച്ചി: പ്രമുഖ നടൻ ബാലു വർഗ്ഗീസിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങൾ. ഒരു സ്വകാര്യ ഒത്തുചേരലിൽ വെച്ച് നടൻ ലൈംഗികമായി അപമര്യാദയായി പെരുമാറിയെന്നും ശാരീരിക അതിരുകൾ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി യുവതി ബാലു വർഗ്ഗീസിന് ഔദ്യോഗികമായി വക്കീൽ നോട്ടീസ് അയച്ചു. സൗഹൃദപരമായ ഗെയിമിൽ ഏർപ്പെട്ടിരിക്കെ നീന്തൽക്കുളത്തിൽ വെച്ച് അനുവാദമില്ലാതെയും ബലപ്രയോഗത്തിലൂടെയും ശരീരത്തിൽ പിടിച്ചുവെന്നാണ് പരാതി. സ്വതന്ത്ര വാർത്താ പോർട്ടലായ 'ദ ന്യൂസ് മിനിറ്റ്' (The News Minute - TNM) ആണ് ഈ നിർണ്ണായക വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റത്തിൽ രേഖാമൂലം മാപ്പപേക്ഷിക്കണമെന്നും, മേലിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് എഴുതി നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്. വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്, സ്വകാര്യത, വ്യക്തിസുരക്ഷ എന്നിവയുടെ നഗ്നമായ ലംഘനമാണ് നടന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് നോട്ടീസിൽ അക്കമിട്ട് വ്യക്തമാക്കുന്നു.
"അബദ്ധത്തിൽ സംഭവിച്ചതല്ല, കൃത്യമായ ഉദ്ദേശ്യത്തോടെ"
സംഭവം നടന്ന ഉടൻ തന്നെ നടനെ ചോദ്യം ചെയ്തതായി പരാതിക്കാരി 'ദ ന്യൂസ് മിനിറ്റി'നോട് പറഞ്ഞു. "സുഹൃത്തുക്കളുമൊത്ത് ഒരു കളി കളിക്കുന്നതിനിടയിൽ വെള്ളത്തിനടിയിൽ വെച്ചാണ് ഇത് സംഭവിച്ചത്. പൂൾ നന്നായി വെളിച്ചമുള്ളതായിരുന്നു, എല്ലാം വ്യക്തമായി കാണാമായിരുന്നു. അദ്ദേഹത്തിന്റെ കൈകൾ ബലത്തോടെ ശരീരത്തിൽ അമരുന്നത് ഞാൻ അറിഞ്ഞു. അത് ഒരിക്കലും അറിയാതെ പറ്റിയതല്ലെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്," പരാതിക്കാരി വെളിപ്പെടുത്തി.
സംഭവസ്ഥലത്തു വെച്ചുതന്നെ താൻ ശക്തമായി പ്രതികരിച്ചപ്പോൾ അതൊരു അബദ്ധമായിരുന്നു എന്ന് പറഞ്ഞ് നടൻ ഒഴിഞ്ഞുമാറുകയും മാപ്പ് പറയുകയും ചെയ്തു. തുടർന്ന് വിഷമം താങ്ങാനാവാതെ താൻ ഭർത്താവിനോട് കാര്യം പറയുകയും അടുത്ത ദിവസം ഭർത്താവ് നടനുമായി ബന്ധപ്പെടുകയും ചെയ്തു.
തന്റെ കൈ അബദ്ധത്തിൽ ശരീരത്തിൽ തട്ടിയതാണെന്ന് വരുത്തിത്തീർക്കാൻ നടൻ അയച്ച വോയ്സ് നോട്ടിൽ ആവർത്തിച്ച് പറയുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനു പിന്നാലെ പ്രശ്നം സംസാരിച്ച് ഒതുക്കിത്തീർക്കാൻ നടന്റെ കുടുംബാംഗങ്ങൾ നിരന്തരം ഇടപെടലുകൾ നടത്തിയെന്നും എന്നാൽ നീതി ഉറപ്പാക്കാനാണ് നിയമനടപടിയിലേക്ക് കടന്നതെന്നും യുവതി വ്യക്തമാക്കി