കണ്ണൂർ: പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും കവർന്ന കേസിൽ മൂന്ന് മുഖ്യപ്രതികൾ കർണാടകയിലെ മൈസൂരുവിൽ പൊലീസിന്റെ പിടിയിലായി. സായൂജ് പി (32), ജിഷ്ണു വി (36), സുന്ദരൻ എം (42) എന്നിവരാണ് പയ്യന്നൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജൂൺ രണ്ടിനാണ് മഹാരാഷ്ട്ര സ്വദേശിയായ കുമാർ ജലന്ധർ നിഗമും കുടുംബവും സഞ്ചരിച്ച കാർ ആക്രമിച്ച് സംഘം പണവും സ്വർണവും കവർന്നത്. പരാതിക്കാരന്റെ ഭാര്യയുടെ ബാഗിലുണ്ടായിരുന്ന 25 ഗ്രാം സ്വർണവും 55 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.
കവർച്ചയ്ക്ക് ശേഷം പ്രതികൾ സഞ്ചരിച്ച കാർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ പ്രാദേശിക ബിജെപി നേതാവായ സനു സന്തോഷ് നേരത്തെ അറസ്റ്റിലായിരുന്നു. മൈസൂരുവിൽ നിന്ന് പിടികൂടിയ പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.