തിരുവനന്തപുരം : റഷ്യയിലെ സോച്ചിയിൽ നടക്കുന്ന മൾട്ടിനാഷണൽ യൂത്ത് ജ്യോഗ്രഫി ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ രണ്ട് മലയാളി വിദ്യാർഥികൾ.ഗെയിമിഫൈഡ് ലേണിങ് പ്ലാറ്റ്ഫോമായ റിസോർസിയോ സംഘടിപ്പിച്ച ഒരു വർഷം നീണ്ട സംസ്ഥാനതല സംരംഭമായ 'യുഡാൻഷ' മത്സരത്തിൽ വിജയികളായ, മലപ്പുറം താനൂർ എം.ഇ.എസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അമീന ഷെർമിൻ സി എം. തൃശൂർ കുളപതി മുൻഷി ഭവൻസ് വിദ്യാമന്ദിറിലെ (KMBVM പൊട്ടോർ) പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് എ. എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്, ഒക്ടോബർ 24 മുതൽ നവംബർ 1 വരെ നടക്കുന്ന ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നത്. കേരളത്തിലെ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി റിസോർസിയോ ഒരുക്കിയ യുഡാൻഷ എന്ന സമഗ്രമായ മൂല്യനിർണയ പ്രക്രിയയിലൂടെയാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. റഷ്യയിൽ നടക്കുന്ന മത്സരത്തിലും സാംസ്കാരിക വിനിമയ പരിപാടികളിലും റിസോർസിയോ യുഡാൻഷ പദ്ധതി ഹെഡ് വിധു മാർട്ടിൻ വിദ്യാർഥികളെ അനുഗമിക്കും.

റഷ്യൻ ജിയോഗ്രഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യൻ സെന്ററും തിരുവനന്തപുരത്തെ റഷ്യൻ ഹോണററി കോൺസുലേറ്റും ചേർന്നാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. പാഠപുസ്തക അറിവുകൾക്കപ്പുറം യുഡാൻഷയിലൂടെ അവരിൽ വളർത്തിയെടുത്ത സാമൂഹിക ബോധവും മറ്റ് കഴിവുകളും കൂടി പരിഗണിച്ചാണ് ഈ തിരഞ്ഞെടുപ്പ്. “റിസോർസിയോയുടെ യുഡാൻഷ, കുട്ടികളുടെ പഠന നിലവാരത്തിലുപരി, അവരുടെ വ്യക്തിത്വ വികസനം, സഹകരണ മനോഭാവം, സാമൂഹിക അവബോധം എന്നിവ കൂടി വിലയിരുത്തുന്ന വളരെ മികച്ചൊരു പദ്ധതിയാണ്. അതുകൊണ്ടുതന്നെ,ഈ സംസ്ഥാനതല വിജയികളെ അന്താരാഷ്ട്ര ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്,” എന്ന് റഷ്യൻ ഹോണററി കോൺസൽ, തിരുവനന്തപുരം, രതീഷ് സി നായർ പറഞ്ഞു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെട്ട

വിദ്യാർത്ഥികളുടെ ഭൂമിശാസ്ത്ര വിജ്ഞാനം, വിശകലന ശേഷി, പ്രായോഗിക അറിവ് എന്നിവ പരിശോധിക്കുന്ന വിവിധ ഘട്ടങ്ങളിലുള്ള മത്സരങ്ങളാണ് ഒളിമ്പ്യാഡിൽ ഉണ്ടാകുക. തിയറി, പ്രാക്ടിക്കൽ, മൾട്ടിമീഡിയ മത്സരങ്ങൾക്ക് പുറമേ ബ്രിക്സ് (BRICS) രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി ആശയവിനിമയം നടത്താനുള്ള കൾച്ചറൽ എക്സ്ചേഞ്ച്‌ പരിപാടികളും ഒളിമ്പ്യാഡിന്റെ ഭാഗമായി നടക്കും.

പരമ്പരാഗത പഠനരീതികൾക്കപ്പുറം ഗെയിമിഫിക്കേഷനിലൂടെ വിദ്യാർഥികളുടെ ചിന്താശേഷിയും സഹകരണ മനോഭാവവും വളർത്താൻ റിസോർസിയോ രൂപകൽപന ചെയ്ത പ്ലാറ്റ്‌ഫോമാണ് 'യുഡാൻഷ'. ഇന്ത്യയിലെ വിദ്യാർഥികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളർത്താൻ മികച്ചൊരു അടിത്തറയാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നത്.

***