പിലിഭിത്തിൽ വോട്ടർ പട്ടികയിലെ ക്രമക്കേട്; കമ്പ്യൂട്ടർ അസിസ്റ്റന്റിനെ പിരിച്ചുവിട്ടു, നിയമനടപടിക്ക് നിർദേശം

ലഖ്നൗ: ഉത്തർപ്രദേശിലെ പിലിഭിത്ത് നിയമസഭാ മണ്ഡലത്തിൽ 10,470 വോട്ടർ എൻട്രികളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് അധികൃതർ. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. കമ്പ്യൂട്ടർ അസിസ്റ്റന്റിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു.

വോട്ടർ തിരിച്ചറിയൽ കാർഡിലെ വിവരങ്ങളുമായി ബന്ധപ്പെട്ട പരാതികളും വോട്ടർ പട്ടികയിൽ മാറ്റങ്ങൾ വരുത്തിയതിലെ ക്രമക്കേടുകളുമാണ് അന്വേഷണത്തിന് വഴിവെച്ചത്. പരിശോധനയിൽ ആവശ്യമായ രേഖകൾ ലഭ്യമല്ലെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വോട്ടർ പട്ടികയിലെ എൻട്രികളിൽ സംശയകരമായ മാറ്റങ്ങൾ നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച അന്വേഷണത്തെ തുടർന്നാണ് നടപടി. കണ്ടെത്തിയ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വോട്ടർ പട്ടികയിലെ മാറ്റങ്ങൾ കൂടുതൽ വിശദമായി പരിശോധിക്കാനും അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്.

ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.