തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ വയോധികനാണ് രോഗം സ്ഥിരീകരിച്ചത്. 62 കാരനായ ഇദ്ദേഹം ആദ്യം കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും ചികിത്സ തേടി. രോഗ സൂചന ലഭിച്ചതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. രോഗിയുടെ സ്ഥിതി നിലവിൽ അതീവ ഗുരുതരാവസ്ഥയിലാണ്. വെൻ്റിലേറ്ററിലാണ് ഇപ്പോഴുമുള്ളത്. രോഗ ഉറവിടം വ്യക്തമായിട്ടില്ല. പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പ് പരിശോധന തുടരുകയാണ്.