കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് പ്രതിമാസ ശമ്പളം കൃത്യസമയത്ത് നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടികൾ കൂടുതൽ ശക്തമാക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തീരുമാനിച്ചു. ശമ്പളവിതരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പേരുകൾ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സിന് കൈമാറി സർക്കാർ ടെൻഡറുകളിലും കരാറുകളിലും പങ്കെടുക്കുന്നത് തടയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തീർപ്പാക്കി വേതനവിതരണം ക്രമപ്പെടുത്തുന്നതുവരെ നിയന്ത്രണം തുടരാനാണ് നീക്കം.
2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസങ്ങളിൽ വേതനനിബന്ധനകൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട സംവിധാനത്തിലൂടെ കമ്പനികൾ 93,865 അപേക്ഷകൾ സമർപ്പിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 31,757 അപേക്ഷകളാണ് ലഭിച്ചിരുന്നത്. അപേക്ഷകളുടെ എണ്ണത്തിൽ 195.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
രാജ്യത്ത് തൊഴിലാളികളുടെ ശമ്പളവിതരണം വൈകിപ്പിക്കുന്ന കമ്പനികളുടെ എണ്ണം പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യമാണ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശങ്ങൾക്ക് പിന്നിലുള്ളത്.
തൊഴിലാളികളുടെ വേതനസുരക്ഷ ഉറപ്പാക്കാൻ പ്രതിമാസം 90 ശതമാനം തൊഴിലാളികൾക്കെങ്കിലും ശമ്പളവിതരണം നടത്തുകയും അവസാന മാസത്തെ ശമ്പളബാധ്യതകൾ പൂർത്തീകരിക്കുകയും വേണമെന്ന വ്യവസ്ഥയും കർശനമാക്കിയിട്ടുണ്ട്. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് തൊഴിൽ അനുമതികൾ, സർക്കാർ കരാർ രജിസ്ട്രേഷൻ, ടെൻഡർ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങളിൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവരും.
കുവൈത്ത് സെൻട്രൽ ബാങ്കിന്റെ വേതന സംരക്ഷണ സംവിധാനവുമായി മാൻപവർ അതോറിറ്റിയുടെ വിവരശേഖരം ബന്ധിപ്പിക്കുന്നതിലൂടെ കമ്പനികളുടെ ശമ്പളവിതരണം നേരിട്ട് നിരീക്ഷിക്കാനും നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്താനുമുള്ള സംവിധാനവും ശക്തമാക്കുകയാണ്.