കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളവിതരണം കർശനമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി കമ്പനികൾക്ക് രണ്ട് പ്രധാന നിബന്ധനകൾ നിർബന്ധമാക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. കമ്പനികളുടെ ഫയലുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളിൽ കുറഞ്ഞത് 90 ശതമാനം പേർക്കെങ്കിലും പ്രതിമാസം ശമ്പളം ബാങ്ക് വഴി കൈമാറുകയും അവസാന മാസത്തെ ശമ്പളവിതരണവുമായി ബന്ധപ്പെട്ട ബാധ്യതകൾ പൂർത്തീകരിക്കുകയും വേണം. രണ്ട് നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് ലംഘിക്കുന്ന കമ്പനികളുടെ ആറ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

പുതിയ സംവിധാനപ്രകാരം തൊഴിലുടമ ആദ്യം ശമ്പളവിതരണവുമായി ബന്ധപ്പെട്ട ഫയൽ ബാങ്കിന് കൈമാറണം. ബാങ്ക് ഈ വിവരങ്ങൾ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ വേതന സംരക്ഷണ സംവിധാനത്തിലൂടെ മാൻപവർ അതോറിറ്റിക്ക് കൈമാറും. അതോറിറ്റിയുടെ രേഖകളിലുള്ള തൊഴിലാളികളുടെ വിവരങ്ങളുമായി ശമ്പളവിവരങ്ങൾ ഒത്തുനോക്കിയ ശേഷമായിരിക്കും പണമിടപാട് അംഗീകരിക്കുക. തുടർന്ന് ബാങ്ക് ശമ്പളവിതരണം പൂർത്തിയാക്കി ഇടപാടിന്റെ വിവരങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ അതോറിറ്റിക്ക് തിരികെ നൽകും.

നിബന്ധനകൾ പാലിക്കാത്ത കമ്പനികൾക്ക് പുതിയ വർക്ക് പെർമിറ്റുകളും തൊഴിൽ അനുമതികളും അനുവദിക്കുന്നതിൽ നിയന്ത്രണമുണ്ടാകും. നിലവിലുള്ള അനുമതികളുടെ പുതുക്കലിന് ഇളവ് അനുവദിച്ചിട്ടുണ്ട്. സർക്കാർ കരാറുകളുടെ രജിസ്ട്രേഷൻ, അടിസ്ഥാന തൊഴിലാളി ആവശ്യകത നിർണയിക്കൽ, സർക്കാർ വകുപ്പുകൾക്കും ടെൻഡറുകൾക്കും ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകൽ, കമ്പനി ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ എന്നിവയെയും നിയന്ത്രണം ബാധിക്കും.

ബാങ്കുകളും മാൻപവർ അതോറിറ്റിയും തമ്മിലുള്ള രേഖാമൂലമുള്ള ഇടപാടുകൾ കുറച്ച് ശമ്പളവിതരണത്തിലെ വീഴ്ചകൾ വേഗത്തിൽ കണ്ടെത്താനാണ് ഡിജിറ്റൽ സംവിധാനം ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ വേതനവിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിനൊപ്പം കമ്പനികൾ തൊഴിൽനിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും. സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ ശമ്പള സുരക്ഷ ഉറപ്പാക്കുന്നതിൽ പുതിയ നടപടികൾക്ക് നിർണായക പ്രാധാന്യമുണ്ട്.