എം. എസ്. സനിൽ കുമാർ
തിരുവനന്തപുരം: ജനറിക് മരുന്ന് നിർമ്മാതാക്കളായ നാറ്റ്കോ ഫാർമ അധികൃതർ ആരോഗ്യ മന്ത്രി കെ. മുരളീധരനെ സന്ദർശിച്ച് എസ്.എ.ടി ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ വാർഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നൽകിയ സഹായത്തെ തെറ്റായി ചിത്രീകരിച്ച് പ്രചാരണം നടത്തുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത്. പിണറായി വിജയൻ മുഖ്യമന്ത്രിയും കെ.കെ. ഷൈലജ ആരോഗ്യമന്ത്രിയുമായിരുന്ന 2023-2024 സാമ്പത്തിക വർഷത്തിൽ ഇതേ മരുന്ന കമ്പനിയിൽ നിന്ന് സിപിഎം തിരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചത് ഒരു കോടി രൂപയാണ്. അന്നും സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലേക്ക് (KMSCL) കോടികളുടെ മരുന്ന് വിതരണം നടത്തിയ കമ്പനിയാണ് നാറ്റ്കോ ഫാർമ് (NATCO Pharma Limited). ഇങ്ങനെ പാർട്ടിഫണ്ടിലേക്ക് കോടിക്കണക്കിന് രൂപ വിവിധ മരുന്ന നിർമ്മാണ് കമ്പനികളിൽ നിന്ന് സ്വീകരിച്ച സിപിഎമ്മും അതിന്റെ നേതാക്കളുമാണ് ആരോഗ്യമന്ത്രിക്കെതിരെ പ്രചാരണവുമായി സജീവമായിരിക്കുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് (ECI) സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഒഫീഷ്യലായി സമർപ്പിച്ച സംഭാവന പട്ടികയിലാണ് (Form 24A) നാറ്റ്കോ കമ്പനിയും സിപിഎമ്മും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകൾ സംഭരിക്കുന്ന സർക്കാർ ഏജൻസിയുമായി കോടികളുടെ കരാറുകളുള്ള കമ്പനിയിൽ നിന്ന് ഭരണകക്ഷി തന്നെ രാഷ്ട്രീയ ഫണ്ട് സ്വീകരിച്ചത് ക്രിമിനൽ ഗൂഢാലോചനയാണെന്നും കമ്മീഷൻ അഴിമതിയാണെന്നുമുള്ള ആക്ഷേപം ഉയർന്നാൽ അതിൽ തെറ്റുപറയാനാകില്ല. 2024 നവംബർ 13-ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഒപ്പുവെച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നേരിട്ട് സമർപ്പിച്ച ഫോം 24A ഓഡിറ്റ് രേഖകളിലാണ് മരുന്ന് കമ്പനികളുടെ പേരുകൾ ഇടംപിടിച്ചിരിക്കുന്നത്:
രേഖകളിലെ ക്രമനമ്പർ 186, 187, 188 പ്രകാരം നാറ്റ്കോ ഫാർമ ലിമിറ്റഡ് (PAN: AAACN6927A) മൂന്ന് ഘട്ടങ്ങളിലായാണ് സി.പി.ഐ.എമ്മിന് സംഭാവന നൽകിയത്. ചെക്ക് മുഖേനയാണ് നാറ്റ്കോ ഫാർമയിൽ നന്ന് സംഭാവന സ്വീകരിച്ചിരിക്കുന്നത്. ക്രമനമ്പർ 186: 30 ലക്ഷം രൂപ, ക്രമനമ്പർ 187: 30 ലക്ഷം രൂപ, ക്രമനമ്പർ 188: 40 ലക്ഷം രൂപ എന്നിങ്ങനെയാണ് സംഭാവന കൈപ്പറ്റിയിരിക്കുന്നത്. ഇത്തരത്തിൽ ആകെ ഒരു കോടി രൂപയാണ് ഹൈദരാബാദ് ആസ്ഥാനമായ ഈ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് സി.പി.ഐ.എം അക്കൗണ്ടിലേക്ക് എത്തിയത്.
നാറ്റ്കോ ഫാർമയിൽ നിന്ന് മാത്രമല്ല, വിപണിയിലെ മറ്റ് മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നും പാർട്ടി വൻതുക സംഭാവനയായി ഈ കാലയളവിൽ വാങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ തെളിയിക്കുന്നു. ഹെറ്റെറോ ഡ്രഗ്സ് (Hetero Drugs Ltd): കൊവിഡ് കാലത്തും സംസ്ഥാന ആരോഗ്യ വകുപ്പിലേക്ക് മരുന്നുകൾ വിതരണം ചെയ്ത ഹെറ്റെറോ ഡ്രഗ്സിൽ നിന്ന് (ക്രമനമ്പർ 189) എൻ.ഇ.എഫ്.ടി (NEFT) വഴി 20 ലക്ഷം രൂപ കൈപ്പറ്റി. എ.പി.എൽ ഹെൽത്ത്കെയർ (APL Healthcare Ltd): ക്രമനമ്പർ 190 പ്രകാരം ചെക്ക് വഴി 10 ലക്ഷം രൂപ സംഭാവന നൽകി.അപിറ്റോറിയ ഫാർമ (Apitoria Pharma Ltd): ക്രമനമ്പർ 192 പ്രകാരം ചെക്ക് വഴി 10 ലക്ഷം രൂപ. ബയോളജിക്കൽ ഇ ലിമിറ്റഡ് (Biological E Ltd): ക്രമനമ്പർ 193 പ്രകാരം എൻ.ഇ.എഫ്.ടി വഴി 5 ലക്ഷം രൂപ. സ്പാർഷ് ഫാർമ, ലീ ഫാർമ: സ്പാർഷ് ഫാർമ (Sparsh Pharma), ലീ ഫാർമ (Lee Pharma) എന്നിവരിൽ നിന്നും ലക്ഷക്കണക്കിന് രൂപ പാർട്ടിയുടെ ഫണ്ടിലേക്ക് എത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കും മെഡിക്കൽ കോളേജുകളിലേക്കും ആവശ്യമായ ജീവൻരക്ഷാ മരുന്നുകൾ ബൾക്കായി സംഭരിക്കുന്ന നോഡൽ ഏജൻസിയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL).എൽ.ഡി.എഫ് ഭരണകാലത്ത് നാറ്റ്കോ ഫാർമയ്ക്ക് കെ.എം.എസ്.സി.എല്ലിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വിതരണ ഓർഡറുകൾ ലഭിച്ചിരുന്നു.