തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളിൽ ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ഐഎംഎ യുടെ ആഭിമുഖ്യത്തിൽ നഗരത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കുമെന്ന് ഐഎംഎ തിരുവനന്തപുരം ഘടകം പ്രസിഡന്റ് ഡോ എ അൽത്താഫ് പറഞ്ഞു. പ്രഥമ ശുശ്രൂഷ, ആരോഗ്യകരമായ ജീവിത ശൈലി, ജീവിത നൈപുണ്യ പരിശീലനം എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ 35000 ഹൈസ്‌കൂൾ വിദ്യാർഥികളിൽ നിന്ന് തെരെഞ്ഞെടുത്ത അഞ്ഞൂറ് പേർക്കാണ് ആദ്യഘട്ടമായി പരിശീലനം.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ഘടകത്തിന്റെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഐ എം എ തിരുവനന്തപുരം സെക്രട്ടറിയായി ശ്രീ ചിത്ര മെഡിക്കൽ സെന്റർ കാർഡിയോ തൊറാസിക് സർജറി വിഭാഗം പ്രഫസർ ഡോ വർഗീസ് ടി പണിക്കറും വൈസ് പ്രസിഡന്റുമാരായി ഡോ റെജി ജോസ്, ഡോ പ്രവീൺ കെ എസ്, ഡോ പോൾ സാമുവൽ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഡോ അരുൺ മോഹൻ, ഡോ സുശാന്ത്, ഡോ. സിമി. ആർ എന്നിവരും ട്രഷററായി ഡോ വിവേക് കെ ബിയും സംസ്ഥാന പ്രവർത്തക സമിതി അംഗമായി ഡോ എൻ ഷമീമും ചുമതലയേറ്റു.

റസിഡൻസി ഹോട്ടലിൽ നടന്ന ചടങ്ങ് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം എൻ മേനോൻ ഉത്ഘാടനം ചെയ്തു. മുൻ സംസ്ഥാന സെക്രട്ടറി ഡോ പി ഗോപികുമാർ പുതിയതായി ചുമതലയേറ്റവർക്ക് സത്യവാചകം ചൊല്ലികൊടുത്തു. ഭാഷാപോഷിണി എഡിറ്റർ ഡോ പി.കെ രാജശേഖരൻ രോഗങ്ങളും സാഹിത്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സംസ്ഥാന പകർച്ച വ്യാധി നിയന്ത്രണ ഉന്നതാധികാര സമിതി ചെയർമാൻ ഡോ എസ് എസ് ലാൽ, ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ റോയ് ആർ ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ആർ സി ശ്രീകുമാർ, മുൻ ദേശീയ പ്രസിഡന്റ് പത്മശ്രീ ഡോ എ മാർത്താണ്ഡ പിള്ള, മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ അലക്സ് ഫ്രാങ്ക്‌ളിൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ ശ്രീജിത്ത്‌ എൻ കുമാർ, ഡോ സുൽഫി നൂഹു, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോ ശ്രീജിത്ത്‌ ആർ, ഡോ ജി എസ് വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.