ൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തവണവ്യവസ്ഥയിൽ വാങ്ങി പണമാക്കുന്ന ഇടപാടുകൾക്കെതിരെ ജാഗ്രത; ഇടപാടുകളിൽ 40 ശതമാനം വരെ നഷ്ടത്തിന് സാധ്യത
കുവൈറ്റ് സിറ്റി: മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തവണവ്യവസ്ഥയിൽ വാങ്ങി ഉടൻ പണമാക്കി നൽകാമെന്ന വാഗ്ദാനവുമായി നടക്കുന്ന സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ഇടപാടുകളിൽ ഏർപ്പെടുന്ന പൗരന്മാരും പ്രവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഉടൻ പണം ലഭ്യമാക്കാമെന്ന പരസ്യങ്ങൾ നൽകിയാണ് ഇത്തരം ഇടപാടുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. വ്യക്തികൾ, വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് അക്കൗണ്ടുകൾ എന്നിവ വഴിയാണ് ഇടപാടുകൾ നടക്കുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ ബോധവൽക്കരണ വീഡിയോ വ്യക്തമാക്കുന്നു.
വിലകൂടിയ മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തവണവ്യവസ്ഥയിൽ വാങ്ങിയശേഷം വിപണിവിലയേക്കാൾ കുറഞ്ഞ തുകയ്ക്ക് കൈമാറുന്ന രീതിയാണ് ഇത്തരം ഇടപാടുകളിൽ സ്വീകരിക്കുന്നത്. ഇതിലൂടെ ഉപകരണത്തിന്റെ വിപണിവിലയുടെ 40 ശതമാനം വരെ ഉടനടി സാമ്പത്തിക നഷ്ടമുണ്ടാകാമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
യഥാർത്ഥത്തിൽ ലഭിക്കുന്ന പണത്തേക്കാൾ ഉയർന്ന തുകയ്ക്കുള്ള കരാറുകളിലും രേഖകളിലും ഒപ്പിടേണ്ടിവരുന്നതും ഗുരുതരമായ സാമ്പത്തിക ബാധ്യതകൾക്ക് കാരണമാകുന്നു. ഇത്തരം ഇടപാടുകൾ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇത്തരം പ്രവർത്തനങ്ങൾ നിയമപരമായ ചട്ടക്കൂടിന് പുറത്തുള്ള ഇടപാടുകളാണെന്നും ചില സാഹചര്യങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ഡിജിറ്റൽ സംവിധാനങ്ങളുമായി സഹകരിച്ച് ഇലക്ട്രോണിക് അക്കൗണ്ടുകളും ഇടപാടുകളും നിരീക്ഷിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും കുറ്റക്കാരെ ബന്ധപ്പെട്ട നിയമനടപടികൾക്കായി കൈമാറുകയും ചെയ്യും.
അടിയന്തരമായി പണം ലഭിക്കുമെന്ന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കരുതെന്നും നിയമാനുസൃതവും അംഗീകൃതവുമായ സാമ്പത്തിക ഇടപാടുകൾ മാത്രം നടത്തണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.