കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്ര റെസിഡൻഷ്യൽ മേഖലയിൽ വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യനിർമാണ കേന്ദ്രം അഹ്മദി ഗവർണറേറ്റ് സുരക്ഷാ വിഭാഗം കണ്ടെത്തി. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നാലുപേർ ഇന്ത്യൻ പൗരന്മാരും മൂന്നുപേർ നേപ്പാൾ സ്വദേശികളുമാണ്.

വഫ്ര പൊലീസ് സ്റ്റേഷന്റെ പരിധിയിൽ നടത്തിയ പരിശോധനയിലാണ് മദ്യനിർമാണ കേന്ദ്രം കണ്ടെത്തിയത്. വഫ്ര കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം സുരക്ഷാ പരിശോധന നടത്തുകയായിരുന്ന പൊലീസ് പട്രോളിങ് സംഘം ഗതാഗതനിയമം ലംഘിച്ച് എതിർദിശയിലൂടെ വാഹന പാർക്കിങ് സ്ഥലത്തേക്ക് പ്രവേശിച്ച ഡ്രൈവറെ തടഞ്ഞതാണ് സംഭവത്തിന്റെ തുടക്കം.

വാഹനം പരിശോധിച്ച ഉദ്യോഗസ്ഥർ വാഹനത്തിനുള്ളിൽ നിരവധി കുപ്പികളടങ്ങിയ ബാഗുകൾ കണ്ടെത്തി. ഇവയിൽ പ്രാദേശികമായി നിർമിച്ച മദ്യമാണുള്ളതെന്ന് ഡ്രൈവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വഫ്ര മേഖലയിലെ ഒരു വീട്ടിൽനിന്നാണ് കുപ്പികൾ ശേഖരിച്ചതെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.

തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വീട്ടിലെത്തി നടത്തിയ പരിശോധനയിൽ അനധികൃത മദ്യനിർമാണ കേന്ദ്രം കണ്ടെത്തുകയായിരുന്നു. കേന്ദ്രത്തിൽനിന്ന് 820 മദ്യക്കുപ്പികളും 110 ബാരലുകളും മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന രണ്ട് ഹീറ്ററുകളും വിതരണത്തിനായി ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു.

നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും ഉൾപ്പെട്ട ഏഴുപേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പിടിച്ചെടുത്ത വസ്തുക്കളും അറസ്റ്റിലായവരെയും തുടർനിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.