ചെന്നൈ: സംസ്ഥാനത്തിനുള്ളിലെ വിമാന സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വിമാനയാത്രാ നിരക്കുകൾ കുറയ്ക്കുന്നതിനുമായി ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) മൂല്യവർധിത നികുതി (വാറ്റ്) കുറച്ച് തമിഴ്നാട് സർക്കാർ.

ചെന്നൈ വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കുന്ന ഷെഡ്യൂൾഡ് വിമാനങ്ങൾക്കുള്ള വാറ്റ് 29 ശതമാനത്തിൽ നിന്ന് 16 ശതമാനമായാണ് കുറച്ചത്. ചെന്നൈ ഒഴികെയുള്ള സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നികുതി 29 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി താഴ്ത്തി.

വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വലിയ പങ്കുവഹിക്കുന്ന ഇന്ധനച്ചെലവ് കുറയ്ക്കുകയാണ് നികുതിയിളവിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി സംസ്ഥാനത്തിനുള്ളിലെ വിമാന സർവീസുകൾ കൂടുതൽ ലാഭകരമാകുമെന്നും വിമാനക്കമ്പനികൾക്ക് സർവീസുകൾ വർധിപ്പിക്കാൻ പ്രോത്സാഹനമാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

ഇന്ധനച്ചെലവിൽ ലഭിക്കുന്ന ആശ്വാസം വിമാനയാത്രാ നിരക്കുകളിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, നികുതിയിളവിന്റെ ഭാഗമായി വിമാനക്കമ്പനികൾ നിരക്കുകൾ എത്രത്തോളം കുറയ്ക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പ്രാദേശിക വിമാനബന്ധം ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ വിവിധ നഗരങ്ങൾക്കിടയിൽ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുമുള്ള നടപടിയായാണ് തമിഴ്നാട് സർക്കാരിന്റെ ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.