ഏഥൻസ്: യുഎഇയും ഗ്രീസും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപ്രധാന സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസുമായി കൂടിക്കാഴ്ച നടത്തി.

ഗ്രീക്ക് പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ഔദ്യോഗിക സന്ദർശനത്തിനായി ഏഥൻസിലെത്തിയ അബുദാബി കിരീടാവകാശി സാമ്പത്തിക, നിക്ഷേപ, വികസന മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.

ഇരു രാജ്യങ്ങൾക്കും പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയിൽ പരിഗണിച്ചു. സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംയുക്ത വികസന പദ്ധതികൾക്ക് പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനുമാണ് ചർച്ചയിൽ പ്രാധാന്യം നൽകിയത്.

യുഎഇയും ഗ്രീസും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ അമ്പതാം വാർഷിക പശ്ചാത്തലത്തിലാണ് ഔദ്യോഗിക സന്ദർശനം നടന്നത്. ഭാവിയിൽ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ വികസിപ്പിക്കാനുള്ള താൽപര്യം ഇരുരാജ്യങ്ങളും പ്രകടിപ്പിച്ചു.