ദുബായ്: യുഎഇയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ, മാനുഷിക സഹായ സംഘടനകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് 150 മില്യൺ ദിർഹം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ സാമൂഹിക സേവനങ്ങൾ നടത്തുന്ന സംഘടനകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സാമൂഹിക ക്ഷേമം, ദുരിതബാധിതർക്കുള്ള സഹായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മാനുഷിക പിന്തുണ തുടങ്ങിയ മേഖലകളിൽ സംഘടനകളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനാണ് തുക വിനിയോഗിക്കുക.

ജീവകാരുണ്യ സംഘടനകളുടെ സേവനശേഷി വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ ഗുണഭോക്താക്കളിലേക്ക് സഹായം എത്തിക്കാനും പദ്ധതി സഹായിക്കും. സർക്കാർ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ഇടയിലെ സഹകരണം കൂടുതൽ ശക്തമാക്കാനും പ്രഖ്യാപനം വഴിയൊരുക്കും.

ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും മാനുഷിക സഹായ പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകുന്ന യുഎഇയുടെ വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ സാമ്പത്തിക പിന്തുണ.