കുവൈറ്റ് സിറ്റി: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലക്ഷ്യമിട്ട് ഭക്ഷണപ്പൊതികൾക്കുള്ളിൽ ഇലക്ട്രോണിക് സിഗരറ്റുകൾ ഒളിപ്പിച്ച് വിൽപ്പന നടത്തിയ മൂന്നുപേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു.
ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് സിഗരറ്റുകൾ മറച്ചുവെച്ച് കുട്ടികൾക്ക് എത്തിച്ചുനൽകുന്ന രീതിയാണ് പ്രതികൾ സ്വീകരിച്ചിരുന്നത്. കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള ഇത്തരം ഇടപാടുകൾക്കെതിരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ നടപടിയിലാണ് മൂന്നുപേർ പിടിയിലായത്.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വീഡിയോയിൽ ഭക്ഷണപ്പൊതികൾക്കുള്ളിൽ ഒളിപ്പിച്ച ഇലക്ട്രോണിക് സിഗരറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തുന്നതും പരിശോധന നടത്തുന്നതുമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടികൾക്കിടയിൽ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം വ്യാപിക്കുന്നത് തടയാൻ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. കുട്ടികളുടെ കൈവശമുള്ള അസാധാരണമായ വസ്തുക്കളും ഭക്ഷണപ്പൊതികളും ശ്രദ്ധിക്കണമെന്നും ഓൺലൈൻ ഇടപാടുകളും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പരിചയങ്ങളും നിരീക്ഷിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
പുകവലിയുടെയും ഇലക്ട്രോണിക് സിഗരറ്റുകളുടെയും ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.