കൃഷ്ണ നഗറിലെ സർവോദയ കന്യാ വിദ്യാലയത്തിൽ സംഭവം; മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിച്ച് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്ദറ ജില്ലയിലെ കൃഷ്ണ നഗറിലുള്ള സർവോദയ കന്യാ വിദ്യാലയത്തിൽ 17 വയസ്സുകാരിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂളിലെ സുരക്ഷാ ജീവനക്കാരന്റെ മുറിക്ക് പിന്നിലാണ് പൊള്ളലേറ്റ നിലയിൽ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

വിദ്യാർഥിനി സ്വയം തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. സംഭവത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ വിദ്യാർഥിനിയുടെ സ്കൂൾ ബാഗിൽനിന്ന് മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ബാഗിൽനിന്ന് സംശയാസ്പദമായ ചില വസ്തുക്കളും ലഭിച്ചതായി അധ്യാപകർ പറഞ്ഞെങ്കിലും അവ എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

വിദ്യാർഥിനിയുടെ മരണത്തിന് പിന്നിൽ പ്രണയബന്ധവുമായി ബന്ധപ്പെട്ട വിഷയമുണ്ടെന്ന സൂചന അന്വേഷണത്തിൽ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിദ്യാർഥിനിയുടെ സഹോദരി പറഞ്ഞത്, രാവിലെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണ് സഹോദരി സ്കൂളിലേക്ക് പോയതെന്നാണ്. ഉച്ചയ്ക്ക് 1.40ഓടെ സ്കൂളിൽനിന്ന് വിളിയെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും അവർ പറഞ്ഞു.

സംഭവസ്ഥലത്ത് ഡൽഹി പൊലീസിന്റെ ക്രൈം ടീം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.