വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുള്ള സമരം ശക്തം; ക്യാമ്പസിലെ സംഘർഷാവസ്ഥയെ തുടർന്ന് സർവകലാശാലയുടെ നടപടി
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനിടെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ സംഘർഷം. ക്യാമ്പസിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സർവകലാശാലയിലെ എല്ലാ ക്ലാസുകളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഒക്ടോബർ 24 ശനിയാഴ്ചയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകൾ തുടരും.
വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 12 മുതൽ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. അഞ്ച് വിദ്യാർഥികളാണ് നിരാഹാര സമരം നടത്തുന്നത്. സമരം 13-ാം ദിവസത്തിലേക്ക് കടന്നതോടെ ക്യാമ്പസിലെ പ്രതിഷേധം കൂടുതൽ ശക്തമായി.
ശനിയാഴ്ച രാവിലെ സർവകലാശാല രജിസ്ട്രാർ ഉൾപ്പെടെയുള്ള അധികൃതർ സമരക്കാരുമായി ചർച്ച നടത്തി. നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. ഗാലിബ് പ്രതിമയ്ക്ക് സമീപമുള്ള പുൽത്തകിടിയിൽ സമരക്കാർ സ്ഥാപിച്ച ടെന്റുകൾ നീക്കം ചെയ്യാൻ ജീവനക്കാർ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ രൂക്ഷമായത്.
നിരാഹാര സമരം നടത്തുന്ന വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ ശ്രമിച്ചതായും ക്യാമ്പസിനുള്ളിൽ പ്രവേശിക്കുന്നത് തടഞ്ഞതായും വിദ്യാർഥികൾ ആരോപിച്ചു. അതേസമയം, സർവകലാശാലയുടെ നിർദേശിച്ച പ്രതിഷേധ സ്ഥലത്തിന് പകരം പുൽത്തകിടി കൈയേറി സമരം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്.
വിദ്യാർഥികളുടെ സുരക്ഷയും ക്യാമ്പസിലെ സാധാരണ പ്രവർത്തനങ്ങളും ഉറപ്പാക്കാനാണ് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയതെന്ന് സർവകലാശാല അറിയിച്ചു.
വിദ്യാർഥികളുടെ ആവശ്യങ്ങൾ
ജാമിയ മിലിയ ഇസ്ലാമിയ സ്റ്റുഡന്റ്സ് യൂണിയൻ (ജെഎംഐഎസ്യു) തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുക, വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികൾ പിൻവലിക്കുക, ചീഫ് പ്രോക്ടറെയും സുരക്ഷാ ഉപദേഷ്ടാവിനെയും മാറ്റുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.
വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ സർവകലാശാലാ അധികൃതരും വിദ്യാർഥികളും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. നിലവിലെ സംഘർഷാവസ്ഥയെ തുടർന്ന് ക്യാമ്പസിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.