കുവൈത്ത് സിറ്റി: കുവൈത്തിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിൽ ശ്രീലങ്കൻ സ്വദേശികളായ രണ്ട് സ്ത്രീകളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവങ്ങളിൽ കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
അലി സബാഹ് അൽ സലേം പ്രദേശത്തെ ഒരു വീടിന്റെ മേൽക്കൂരയിലുള്ള സ്റ്റോർ മുറിയിലാണ് ഒരു സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കുവൈത്ത് പൗരനാണ് അധികൃതരെ അറിയിച്ചത്. മറ്റൊരു സംഭവത്തിൽ അൽ നഹ്ദ പ്രദേശത്തും ശ്രീലങ്കൻ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
രണ്ടുപേരുടെയും മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി. മരണകാരണവും സംഭവങ്ങളിൽ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതും കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.