നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തം; വാഹനങ്ങൾ പിടിച്ചെടുത്തു, നൂറുകണക്കിന് സുരക്ഷാ–ഗതാഗത നടപടികൾ
കുവൈറ്റ് സിറ്റി: രാജ്യത്തെ ക്രമസമാധാനവും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയം വ്യാപക സുരക്ഷാ പരിശോധന നടത്തി. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസ്ക്യൂ പൊലീസിന്റെ നേതൃത്വത്തിൽ പ്രധാന റോഡുകളിലും ജനവാസ മേഖലകളിലും വിവിധ കേന്ദ്രങ്ങളിലുമായി നടത്തിയ പരിശോധനയിൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട നിരവധി പേർ പിടിയിലായി.
പരിശോധനയ്ക്കിടെ സുരക്ഷാ വിഭാഗം അന്വേഷിച്ചിരുന്ന 125 പേരെയും ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ആവശ്യമായിരുന്ന രണ്ടുപേരെയും പിടികൂടി. തിരിച്ചറിയൽ രേഖകളില്ലാത്ത 25 പേരെയും കസ്റ്റഡിയിലെടുത്തു. ലഹരിവസ്തുക്കൾ കൈവശംവച്ച നാലുപേരും മദ്യവുമായി ബന്ധപ്പെട്ട നിയമലംഘനത്തിൽ ഒരാളും പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഹന പരിശോധനയുടെ ഭാഗമായി നിയമനടപടികൾ നേരിടുന്ന എട്ട് വാഹനങ്ങൾ കണ്ടെത്തി. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 23 വാഹനങ്ങൾ പിടിച്ചെടുത്തു. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട 13 വാഹനങ്ങളും നീക്കം ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ മൊത്തം 203 സുരക്ഷാ–ഗതാഗത നടപടികൾ സ്വീകരിച്ചതായാണ് ലഭ്യമായ വിവരം. പിടിയിലായവരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനുമായി വിവിധ ഗവർണറേറ്റുകളിൽ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.