കുവൈത്ത് സിറ്റി: കുവൈത്തും ഇറ്റലിയും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ധാരണാപത്രങ്ങളും ഒരു താൽപര്യപത്രവും ഒപ്പുവച്ചു. ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെയും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയും ഇറ്റാലിയൻ ട്രേഡ് ഏജൻസിയും തമ്മിലാണ് നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദ്യ ധാരണാപത്രം ഒപ്പുവച്ചത്. കുവൈത്ത് പ്രതിരോധ മന്ത്രാലയവും ഇറ്റാലിയൻ കമ്പനിയായ ലിയനാർഡോയും തമ്മിലുള്ള താൽപര്യപത്രം പ്രതിരോധ ശേഷിവികസനവും വ്യവസായ സഹകരണവും ലക്ഷ്യമിടുന്നു.
കുവൈത്ത് നാഷണൽ ഗാർഡും ഇറ്റലിയിലെ കാരബിനിയേരിയും തമ്മിൽ സൈനിക പരിശീലനത്തിലും ഉപദേശക സേവനങ്ങളിലും സഹകരിക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പുവച്ചു. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് കരാറുകൾ വിലയിരുത്തപ്പെടുന്നത്.