പശ്ചിമ ബംഗാളിലെ പടിഞ്ഞാറൻ മേദിനിപ്പൂർ ജില്ലയിൽ മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണവും ഭീഷണിയും ഉണ്ടായതായി പരാതി.
ചന്ദ്രകോണയിലെ പട്ലാപൂർ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേൽക്കുകയും നിർബന്ധിച്ച് മതച്ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തതായി ഇരയായ കുടുംബങ്ങൾ ആരോപിച്ചു.
കഴിഞ്ഞ 30 വർഷമായി പ്രദേശത്ത് താമസിക്കുന്ന ഈ കുടുംബങ്ങൾ ഏകദേശം ഒന്നര വർഷം മുൻപാണ് ക്രിസ്തുമതം സ്വീകരിച്ചത്.
ഒക്ടോബർ 18, 19 തീയതികളിലാണ് ആക്രമണം നടന്നതെന്ന് ഒൻപതോളം വരുന്ന കുടുംബാംഗങ്ങൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വീടുകളിൽ അതിക്രമിച്ച് കയറിയ അക്രമികൾ തങ്ങളെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഒരു സ്ത്രീ അക്രമത്തിനിരയായി ബോധരഹിതയാകുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രദേശത്തെ പൂജാ പന്തലിലേക്ക് ബലമായി കൊണ്ടുപോയി ഇവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ചില പ്രത്യേക മതച്ചടങ്ങുകൾ നിർബന്ധിച്ച് ചെയ്യിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.
സംഭവം വിവാദമായതോടെ ചന്ദ്രകോണ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തങ്ങൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കുടുംബങ്ങൾ അറിയിച്ചതിനെ തുടർന്ന് ഇവരുടെ വീടുകൾക്ക് സമീപം പ്രത്യേക പോലീസ് പിക്കറ്റും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.
കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പശ്ചിമ മേദിനിപ്പൂർ പോലീസ് വ്യക്തമാക്കി. ഇത് പ്രാദേശിക തർക്കങ്ങളോ കുടുംബപരമായ മുൻപകയോ ആണോ അതോ മറ്റ് എന്തെങ്കിലും കാരണങ്ങളാണോ എന്നതുൾപ്പെടെ എല്ലാ വശങ്ങളും അന്വേഷിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
വാർത്ത പുറത്തുവന്നതോടെ വിവിധ സംഘടനകൾ ന്യൂനപക്ഷ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.