എക്സ് പ്ലാറ്റ്ഫോമിലെ ആദ്യ പോസ്റ്റിൽ പ്രണയകഥയുടെ തുടക്കം വിവരിച്ച് കോൺഗ്രസ് നേതാവ്; ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള പ്രണയകഥയുടെ തുടക്കം ഓർത്തെടുത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. 1965ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള ‘ദി വർസിറ്റി’ എന്ന ഗ്രീക്ക് റെസ്റ്റോറന്റിൽ വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്ന് സോണിയ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലെ തന്റെ ആദ്യ പോസ്റ്റിലാണ് സോണിയ ഗാന്ധി വ്യക്തിജീവിതത്തിലെ ഓർമകൾ പങ്കുവെച്ചത്.
നവംബർ 10ന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തെക്കുറിച്ചും സോണിയ ഗാന്ധി പോസ്റ്റിൽ സംസാരിച്ചു. രാജീവ് ഗാന്ധിയുമായുള്ള ആദ്യ കൂടിക്കാഴ്ചയും ബന്ധത്തിന്റെ തുടക്കവും പഴയ ചിത്രങ്ങളുടെയും ഓർമകളുടെയും സഹായത്തോടെ വിഡിയോയിൽ വിവരിക്കുന്നുണ്ട്.
“കേംബ്രിഡ്ജിലെ ഒരു ചെറിയ ഗ്രീക്ക് റെസ്റ്റോറന്റിൽ നിന്നാണ് എന്റെ പ്രണയയാത്ര ആരംഭിച്ചത്. രാജീവും ഞാനും സ്നേഹവും ചിരിയും ഓർമകളും നിറഞ്ഞ ഒരു ലോകം സൃഷ്ടിച്ചു. നവംബർ 10ന് ആ ലോകം നിങ്ങളുമായി പങ്കുവെക്കുകയാണ്,” സോണിയ ഗാന്ധി കുറിച്ചു.
1965ൽ കേംബ്രിഡ്ജിൽ പഠിക്കുമ്പോഴാണ് രാജീവ് ഗാന്ധിയെ പരിചയപ്പെട്ടതെന്ന് സോണിയ ഓർത്തെടുത്തു. ഇംഗ്ലണ്ടിൽ അക്കാലത്ത് നല്ല ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകൾ കുറവായിരുന്നുവെന്നും ഇന്ത്യൻ, ഇറ്റാലിയൻ വിദ്യാർഥികൾ പതിവായി എത്തിയിരുന്ന ഒരു ഗ്രീക്ക് റെസ്റ്റോറന്റ് കണ്ടെത്തിയതോടെയാണ് രാജീവിനെ കണ്ടുമുട്ടിയതെന്നും അവർ പറഞ്ഞു.
ഒരു പൊതുസുഹൃത്താണ് ഇരുവരെയും പരിചയപ്പെടുത്തിയത്. പിന്നീട് സുഹൃത്തുക്കളായി മാറിയെന്നും ഒരുമിച്ച് പാർട്ടികളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും സോണിയ ഓർത്തെടുത്തു.
രാജീവ് ഗാന്ധിയുടെ വ്യക്തിത്വത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റം തന്നെ ഏറെ ആകർഷിച്ചിരുന്നുവെന്നും സോണിയ പറഞ്ഞു. “അദ്ദേഹം വളരെ സുന്ദരനായിരുന്നു. എന്നാൽ ആ സൗമ്യതയാണ് എന്നെ ശരിക്കും സ്പർശിച്ചത്. ആദ്യമായി കണ്ടുമുട്ടിയ ആ നിമിഷം ഒരിക്കലും മറക്കില്ല,” സോണിയ ഗാന്ധി പറഞ്ഞു.
വ്യാഴാഴ്ചയാണ് സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിലും അക്കൗണ്ട് ആരംഭിച്ചത്. തന്റെ വരാനിരിക്കുന്ന പുസ്തകത്തിന്റെ ആദ്യ രൂപം വായനക്കാരുമായി പങ്കുവെക്കാൻ കഴിഞ്ഞതിൽ സന്തോഷവും നന്ദിയും അറിയിച്ചായിരുന്നു ആദ്യ പോസ്റ്റ്.
‘സ്നേഹം, കടമ, നഷ്ടം, സ്വന്തമായൊരു ഇടം കണ്ടെത്തൽ’ എന്നിവയെക്കുറിച്ചുള്ള കഥയാണ് പുസ്തകമെന്ന് സോണിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പുസ്തകത്തിന്റെ ആദ്യ കോപ്പികൾ സ്വീകരിക്കുന്നതും മകൾ പ്രിയങ്ക ഗാന്ധി വാദ്രയുമായി സന്തോഷം പങ്കിടുന്നതും വിഡിയോയിൽ കാണാം.
544 പേജുള്ള ഓർമക്കുറിപ്പ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ ബാല്യകാലം മുതൽ രാജീവ് ഗാന്ധിയുമായുള്ള ബന്ധം, ജീവിതത്തിലെ വ്യക്തിപരമായ ദുരന്തങ്ങൾ, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇടപെടലുകൾ എന്നിവ വിവരിക്കുന്നു. ആഗോളതലത്തിൽ ആൽഫ്രഡ് എ. നോഫാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിൽ ഹാർപ്പർകോളിൻസാണ് പ്രസാധകർ. പുസ്തകത്തിന്റെ പ്രീ-ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്.
Image : പ്രതീകാത്മ ചിത്രം.