തിരുവനന്തപുരം :സൈബര്‍ ലോകത്തെ സംശയാസ്പദമായ ലിങ്കുകള്‍, വെബ്സൈറ്റുകള്‍, SMS, ഫോണ്‍ നമ്പറുകള്‍, IP വിലാസങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സൈബര്‍ ഭീഷണികള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിനും കേരള പോലീസിന്റെ CyberWall സേവനം പ്രയോജനപ്പെടുത്താം.
AI സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബര്‍ ഭീഷണികളെ തിരിച്ചറിയുന്നതിനും സുരക്ഷിതമായ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും CyberWall സഹായകരമാണ്. WhatsApp Chat Bot സംവിധാനത്തിലൂടെയാണ് CyberWall സേവനം ലഭ്യമാക്കുന്നത്.
സംശയമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയും OTP, PIN പാസ്സ് വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കാതിരിക്കുകയും വേണം. സൈബര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് സംശയം തോന്നുന്ന സാഹചര്യങ്ങളില്‍ WhatsApp വഴി കേരള പോലീസിന്റെ CyberWall WhatsApp നമ്പറായ 9497964163 ന്റെ സഹായം തേടാവുന്നതാണ്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ടാല്‍ ഉടന്‍ 1930 എന്ന സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണം. കൂടാതെ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതി നല്‍കാം.