മനാമ: ബഹ്റൈനിൽ നടന്ന റോട്ടാക്സ് മാക്സ് കാർട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് താരം അബ്ദുൽ അസീസ് അൽ സറാഫ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ബഹ്റൈൻ അന്താരാഷ്ട്ര സർക്യൂട്ടിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിലെ മിനി മാക്സ് വിഭാഗത്തിലാണ് താരം വിജയിയായത്.
ഒക്ടോബർ 23 വെള്ളിയാഴ്ച വൈകിട്ട് നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനമാണ് അൽ സറാഫ് പുറത്തെടുത്തത്.
യോഗ്യതാ മത്സരങ്ങളിലും പ്രാഥമിക റേസിലും മികവ് തെളിയിച്ച താരം പ്രീഫൈനലിൽ രണ്ടാം സ്ഥാനം നേടി. തുടർന്ന് നടന്ന ഫൈനൽ മത്സരത്തിൽ എതിരാളികളെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി.
അന്താരാഷ്ട്ര കാർട്ടിങ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനുള്ള കുവൈത്ത് താരങ്ങളുടെ കഴിവ് തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് ക്ലബ് വ്യക്തമാക്കി.
2026–2027 സീസണിലെ ബഹ്റൈൻ റോട്ടാക്സ് മാക്സ് കാർട്ടിങ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
റോട്ടാക്സ് മാക്സ് വേൾഡ് ചാമ്പ്യൻഷിപ്പ് ഗ്രാൻഡ് ഫൈനൽസിലേക്കുള്ള യോഗ്യത നേടാൻ മത്സരാർഥികൾക്ക് അവസരം നൽകുന്ന ചാമ്പ്യൻഷിപ്പാണിത്.
അന്താരാഷ്ട്ര വേദികളിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള അബ്ദുൽ അസീസ് അൽ സറാഫിന്റെ ശ്രമങ്ങൾക്ക് പുതിയ വിജയം പ്രചോദനമാകും.