കുവൈത്ത് സിറ്റി: ജർമനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കുവൈത്തിൽ താമസിക്കുന്ന ഫിലിപ്പീൻസ് സ്വദേശിനിയിൽ നിന്ന് 1,000 കുവൈത്ത് ദിനാർ തട്ടിയെടുത്തതായി പരാതി. ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാമെന്ന് ഉറപ്പുനൽകി പണം കൈപ്പറ്റിയ സ്വകാര്യ റിക്രൂട്ട്മെന്റ് സ്ഥാപനം പിന്നീട് ഓഫീസ് അടച്ചുപൂട്ടുകയും ബന്ധപ്പെടാനുള്ള ശ്രമങ്ങളോട് പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെയാണ് യുവതി.
ഹവല്ലി ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ആകർഷകമായ ശമ്പളത്തോടെ തൊഴിലവസരങ്ങൾ ലഭ്യമാണെന്ന പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യുവതി സ്ഥാപനത്തെ സമീപിച്ചത്.
ഏകദേശം രണ്ടുമാസം മുമ്പ് കമ്പനിയുടെ ഓഫീസിലെത്തിയ യുവതിക്ക് ജർമനിയിൽ ജോലി ലഭ്യമാക്കാമെന്ന് ജീവനക്കാർ ഉറപ്പുനൽകി. നിയമന നടപടികളും തൊഴിൽ കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളും പൂർത്തിയാക്കുന്നതിനായി 1,000 ദിനാർ ആവശ്യപ്പെട്ടു. കമ്പനിയുടെ മാനേജ്മെന്റിന് യുവതി തുക നേരിട്ട് പണമായി കൈമാറി.
എന്നാൽ പണം നൽകിയശേഷം ആഴ്ചകൾ കഴിഞ്ഞിട്ടും ജോലിയുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ലഭിച്ചില്ല. തുടർന്ന് കമ്പനിയെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. നേരിട്ട് ഓഫീസിലെത്തിയപ്പോഴാണ് സ്ഥാപനം അടച്ചുപൂട്ടിയതായി കണ്ടെത്തിയത്.
തട്ടിപ്പിനിരയായതായി സംശയിച്ചതിനെ തുടർന്ന് യുവതി ഹവല്ലി പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സാഹചര്യങ്ങളും പണം കൈപ്പറ്റിയവരുടെ ഉത്തരവാദിത്തവും കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു