നെയ്യാറ്റിൻകര/തിരുവനന്തപുരം: വിധി കവർന്നെടുത്ത ആരോഗ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഒരു സാധാരണ കുടുംബം. രണ്ട് വൃക്കകളും പൂർണ്ണമായി പ്രവർത്തനരഹിതമായി ജീവന്മരണ പോരാട്ടം നടത്തുന്ന തിരുവനന്തപുരം പെരുമ്പഴുതൂർ മാമ്പഴക്കര സ്വദേശിനി മീന. എസ് (42) ജീവിതത്തിലേക്ക് തിരികെ നടക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു.

തന്റെ പ്രിയതമയുടെ ജീവൻ രക്ഷിക്കാൻ ഭർത്താവ് രാജേഷ് സ്വന്തം വൃക്ക നൽകാൻ തയ്യാറാണ്. മെഡിക്കൽ പരിശോധനകളും ക്രോസ് മാച്ചിംഗും പൂർത്തിയായി ശസ്ത്രക്രിയയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആവശ്യമായ പണം കണ്ടെത്താനാകാതെ കണ്ണീരിലാണ് ഈ നിർധന കുടുംബം.

2022-ലാണ് മീനയുടെ ജീവിതത്തെ മാറ്റിമറിച്ച രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം (BP) കണ്ടെത്തിയെങ്കിലും ഗുളികകൾ സ്ഥിരമായി കഴിച്ചാൽ വൃക്കയ്ക്ക് ദോഷമാകുമെന്ന തെറ്റായ ഭയം കാരണം മരുന്നുകൾ കൃത്യമായി കഴിച്ചിരുന്നില്ല ജോലി ചെയ്തിരുന്ന സൂപ്പർമാർക്കറ്റിൽ വെച്ച് കടുത്ത മാനസിക സമ്മർദ്ദവും വിറയലും ഫിറ്റ്സും വന്ന് കുഴഞ്ഞുവീണ മീനയെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു.

പ്രാഥമിക രക്തപരിശോധനയിൽ തന്നെ ക്രിയാറ്റിനിൻ 2.1 ആയി ഉയർന്നിരുന്നു. രണ്ട് വർഷത്തോളം മരുന്നുകളിലൂടെ രോഗം നിയന്ത്രിച്ചു നിർത്തിയെങ്കിലും, പിന്നീട് പിടിപെട്ട കടുത്ത ജലദോഷവും ശ്വാസകോശ അണുബാധയും കാര്യങ്ങൾ അതീവ ഗുരുതരമാക്കി. ക്രിയാറ്റിനിൻ നിരക്ക് 4-ൽ നിന്നും 6-ഉം 9-ഉം ആയി കുതിച്ചുയർന്നു.

കഴിഞ്ഞ ഒരു വർഷത്തിലധികമായി തീവ്രമായ ശ്വാസതടസ്സവും ശരീരവേദനയുമായാണ് മീന ഓരോ ദിവസവും തള്ളിനീക്കുന്നത്. മെഡിക്കൽ കോളേജിൽ തുടർച്ചയായി അഡ്മിറ്റാകേണ്ടി വന്നതോടെ ജീവൻ നിലനിർത്താൻ ആഴ്ചയിൽ രണ്ട് തവണ നിർബന്ധിത ഡയാലിസിസ് ആരംഭിച്ചു.

ഇതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയധമനികളിൽ രണ്ട് ബ്ലോക്കുകൾ കണ്ടെത്തി. തുടർന്ന് അതീവ സങ്കീർണ്ണമായ ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കും മീനയെ വിധേയയാക്കി. ഇനിയുള്ള ഏക രക്ഷാമാർഗ്ഗം അടിയന്തരമായി വൃക്ക മാറ്റിവെക്കുക മാത്രമാണെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വ്യക്തമാക്കുകയായിരുന്നു.

സ്വന്തം വൃക്ക നൽകാൻ ഭർത്താവ് തയ്യാർ

തന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും ഓർത്ത് ഭർത്താവ് രാജേഷ് സ്വന്തം വൃക്ക നൽകാൻ മുന്നോട്ടുവന്നു. രാജേഷിന്റെ വൃക്ക മീനയ്ക്ക് പൂർണ്ണമായും യോജിക്കുമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. എല്ലാ പ്രാഥമിക പരിശോധനകളും ക്രോസ് മാച്ചിംഗും പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നവംബർ 10-ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

ആവശ്യം ₹20 ലക്ഷത്തിലധികം

ശസ്ത്രക്രിയയ്ക്കും അനുബന്ധ മരുന്നുകൾക്കുമായി ചുരുങ്ങിയത് 12 മുതൽ 20 ലക്ഷം രൂപയോളം ചെലവ് വരും.

ആറുമാസത്തെ വാടക വീട്: ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധയേൽക്കാതെ രോഗിയെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജിന് തൊട്ടടുത്ത് മാസം ₹16,000 മുതൽ ₹17,000 വരെ വാടക നൽകി ആറുമാസമെങ്കിലും വീടെടുത്ത് താമസിക്കേണ്ടതുണ്ട്. ഇതിനും വലിയൊരു തുക കണ്ടെത്തണം. ദിവസക്കൂലിക്ക് പണിയെടുത്തു ജീവിക്കുന്ന രാജേഷിന് ദിവസേനയുള്ള ഡയാലിസിസ് ചെലവും മരുന്നിനുള്ള പണവും കണ്ടെത്താൻ പോലും നിലവിൽ നിവൃത്തിയില്ല. മീനയുടെ മൂത്ത മകൻ പോളിടെക്നിക് മൂന്നാം വർഷ വിദ്യാർത്ഥിയാണ്. മകൾ പത്താം ക്ലാസിലും പഠിക്കുന്നു. അമ്മയുടെ രോഗാവസ്ഥ കാരണം ഈ കുഞ്ഞുങ്ങളുടെ പഠനവും ഭാവിയും വലിയ അനിശ്ചിതത്വത്തിലാണ്.

ഇരുകുടുംബങ്ങളിലും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മീനയുടെ വൃദ്ധയായ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതിനാൽ ബന്ധുവീട്ടിലാണ് കഴിയുന്നത്. നാട്ടുകാരും ബന്ധുക്കളുമെല്ലാം സാധാരണക്കാരായ കൂലിപ്പണിക്കാരായതിനാൽ അവരിൽ നിന്നും വലിയൊരു സാമ്പത്തിക സഹായം ലഭിക്കാത്ത സ്ഥിതിയാണ്.

പത്രങ്ങളിൽ സഹായ അഭ്യർത്ഥന നൽകിയെങ്കിലും ശസ്ത്രക്രിയ നടത്താൻ ആവശ്യമായ തുകയുടെ ചെറിയൊരു പങ്ക് പോലും ഇതുവരെ ലഭിച്ചിട്ടില്ല.

തന്റെ രണ്ട് കുഞ്ഞുങ്ങൾക്ക് അമ്മയുടെ സ്നേഹം നഷ്ടപ്പെടാതിരിക്കാൻ, ജീവനിലേക്ക് തിരിച്ചുവരാൻ മീനയ്ക്ക് മുൻപിലുള്ളത് ഏതാനും ദിവസങ്ങൾ മാത്രമാണ്. സുമനസ്സുകളായ ഓരോരുത്തരും തങ്ങളാലാകുന്ന ചെറിയ സഹായങ്ങൾ നൽകിയാൽ മാത്രമേ ഈ കുടുംബത്തിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കൂ.

ചികിത്സാ സഹായം എത്തിക്കാനുള്ള ബാങ്ക് വിവരങ്ങൾ (Bank Account Details)

മീനയുടെ ജീവൻ രക്ഷിക്കാൻ സുമനസ്സുകൾ നൽകുന്ന ചെറിയ സാമ്പത്തിക സഹായങ്ങൾ പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാകും. തുക അയക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ നൽകുന്നു:

അക്കൗണ്ട് ഉടമയുടെ പേര്: MEENA S

അക്കൗണ്ട് നമ്പർ: 110300944311

ഐ.എഫ്.എസ്.സി (IFSC) കോഡ്: CNRB0007456

ബാങ്ക്: കനറാ ബാങ്ക് (Canara Bank)

ശാഖ: പെരുങ്കടവിള ശാഖ (Perumkadavila Branch, Trivandrum Dist., Kerala - 695124)

മേൽവിലാസം: ചക്കാലവിള, റോഡരികത്തു വീട്, മാമ്പഴക്കര, പെരുമ്പഴുതൂർ പി.ഒ., നെയ്യാറ്റിൻകര, തിരുവനന്തപുരം ജില്ല - 695126.