കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിയമാനുസൃതമായി തുക പിടിക്കുന്നതിന് 13 കാരണങ്ങൾ നിർദേശിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. പ്രതിമാസ ശമ്പളത്തിന്റെ പരമാവധി 25 ശതമാനം വരെ പിടിക്കാമെങ്കിലും അതിനാവശ്യമായ നിയമപരമായ രേഖകളും തെളിവുകളും സമർപ്പിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.

ശമ്പളമില്ലാത്ത അവധി, രോഗാവധി, കുട്ടികളെ പരിചരിക്കുന്നതിനുള്ള അവധി, ഭാഗിക ശമ്പളത്തോടെയുള്ള അവധി, ജീവനക്കാരനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യൽ, മുൻകൂർ അനുമതിയില്ലാതെ ജോലി ഉപേക്ഷിക്കൽ, ജോലി ചെയ്യാൻ വിസമ്മതിക്കൽ, ജോലിക്ക് ഹാജരാകാതിരിക്കൽ തുടങ്ങിയ സാഹചര്യങ്ങൾ ശമ്പളത്തിൽ നിന്ന് തുക പിടിക്കുന്നതിന് അപേക്ഷിക്കാവുന്ന കാരണങ്ങളിൽ ഉൾപ്പെടുന്നു.

ശമ്പളത്തിൽ നിന്ന് തുക പിടിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ നിയമപരമായി ന്യായീകരിക്കപ്പെട്ടതാണെന്ന് തെളിയിക്കുന്ന രേഖകൾ തൊഴിലുടമകൾ സമർപ്പിക്കണം. നിയമം അനുവദിക്കുന്ന പരിധിക്കുള്ളിൽ മാത്രമേ ശമ്പളത്തിൽ നിന്ന് തുക കുറയ്ക്കാൻ സാധിക്കൂ.

അതേസമയം, തൊഴിൽ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ എണ്ണം 1,00,252 ആണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 51,844 സ്ഥാപനങ്ങളിൽ അഞ്ചിൽ താഴെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ആകെ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ 51.7 ശതമാനമാണിത്.

അഞ്ചോ അതിലധികമോ ജീവനക്കാരുള്ള ഏകദേശം 48,400 സ്ഥാപനങ്ങളിൽ 39,500 സ്ഥാപനങ്ങൾ നിബന്ധനകൾ പാലിക്കുന്നുണ്ട്. എന്നാൽ നിയമലംഘനങ്ങളെ തുടർന്ന് ഏകദേശം 8,800 സ്ഥാപനങ്ങളുടെ ഫയലുകൾ തടഞ്ഞിട്ടുണ്ട്.

ഒരു സ്ഥാപനത്തിന്റെ ഫയലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു ജീവനക്കാരനുപോലും പ്രതിമാസ ശമ്പളം ലഭിക്കാതിരുന്നാൽ സ്ഥാപനത്തിന്റെ ഫയൽ ഓട്ടോമാറ്റിക്കായി തടയുമെന്ന് തൊഴിൽ അതോറിറ്റിയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ശമ്പളം നൽകാത്തതിന് നിയമപരമായ കാരണങ്ങളുണ്ടെങ്കിൽ അതു തെളിയിക്കുന്ന രേഖകൾ ശമ്പളം നൽകേണ്ട മാസത്തിന് തൊട്ടടുത്ത മാസം ഏഴാം തീയതിക്കകം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.