കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട പരാതികളും ആരോഗ്യപ്രവർത്തകരുടെ പ്രൊഫഷണൽ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയ്യുന്ന മെഡിക്കൽ ഉത്തരവാദിത്ത അതോറിറ്റിയുടെ (Medical Liability Authority) വിവിധ സേവനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം പുതിയ ഫീസ് നിരക്കുകൾ പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി പുറത്തിറക്കിയ 2026ലെ 351-ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം ചില ഭരണപരമായ സേവനങ്ങൾക്ക് 20 ദിനാറും സാങ്കേതിക സമിതികളുടെ റിപ്പോർട്ടുകൾക്കെതിരെ അപ്പീൽ പരിഗണിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനുള്ള അപേക്ഷയ്ക്ക് 200 ദിനാറുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
പുതിയ ഫീസ് സാധാരണ ആശുപത്രി ചികിത്സകൾക്കോ ഡോക്ടറെ കാണുന്നതിനോ ഏർപ്പെടുത്തിയതല്ല. മെഡിക്കൽ ഉത്തരവാദിത്ത അതോറിറ്റി നൽകുന്ന നിർദിഷ്ട ഭരണപരവും സാങ്കേതികവുമായ സേവനങ്ങൾക്ക് മാത്രമാണ് ഈ നിരക്കുകൾ ബാധകമാകുന്നത്.
ചികിത്സയിലുണ്ടായതായി ആരോപിക്കപ്പെടുന്ന പിഴവുകൾ, ആരോഗ്യപ്രവർത്തകരുടെ തൊഴിൽപരമായ ഉത്തരവാദിത്തം, മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട സാങ്കേതിക റിപ്പോർട്ടുകൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംവിധാനമാണ് മെഡിക്കൽ ഉത്തരവാദിത്ത അതോറിറ്റി. ഇത്തരം വിഷയങ്ങളിലെ രേഖകളും റിപ്പോർട്ടുകളും പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ചില സേവനങ്ങൾക്കാണ് പുതിയ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
20 ദിനാർ ഈടാക്കുന്ന സേവനങ്ങൾ
ആരോഗ്യപ്രവർത്തകരുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും ഭരണപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട, ഉത്തരവിൽ വ്യക്തമാക്കിയ അപേക്ഷകൾക്ക് 20 ദിനാർ വീതം നൽകണം. ആരോഗ്യ ലൈസൻസിങ് വിഭാഗവുമായി ബന്ധപ്പെട്ട നിർദിഷ്ട ഭരണപരമായ അപേക്ഷകൾക്കും ഇതേ നിരക്കായിരിക്കും.
മെഡിക്കൽ ഉത്തരവാദിത്ത അതോറിറ്റിയുടെ സാങ്കേതിക സമിതികൾ തയ്യാറാക്കിയ റിപ്പോർട്ടുകളുടെ അധിക പകർപ്പുകൾ ആവശ്യപ്പെടുന്നവരും ഓരോ അപേക്ഷയ്ക്കും 20 ദിനാർ അടയ്ക്കണം.
അപ്പീൽ സമിതി രൂപീകരിക്കാൻ 200 ദിനാർ
മെഡിക്കൽ പരാതികൾ പരിശോധിച്ച് സാങ്കേതിക സമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തലുകളോട് ബന്ധപ്പെട്ട കക്ഷിക്ക് വിയോജിപ്പുണ്ടെങ്കിൽ അപ്പീൽ നടപടികൾ ആവശ്യപ്പെടാം.
ഇതിനായി പ്രത്യേക അപ്പീൽ സമിതി രൂപീകരിക്കാനുള്ള അപേക്ഷയ്ക്കാണ് 200 ദിനാർ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. റിപ്പോർട്ടിനെതിരായ വിയോജിപ്പ് വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള നടപടിയുമായി ബന്ധപ്പെട്ട ഫീസാണിത്.
അപ്പീൽ സമിതി രൂപീകരിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചതായി ബന്ധപ്പെട്ട വ്യക്തിയെ അറിയിച്ചതുമുതൽ 30 ദിവസത്തിനകം നിശ്ചിത ഫീസ് അടയ്ക്കണം. അനുവദിച്ച കാലയളവിൽ പണം അടയ്ക്കാത്തപക്ഷം അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതായി കണക്കാക്കുമെന്നാണ് ഉത്തരവിലെ വ്യവസ്ഥ.
നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ
2026 നവംബർ ഒന്നുമുതലാണ് പുതിയ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. കുവൈത്തിന്റെ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗം’ പ്രസിദ്ധീകരിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മെഡിക്കൽ ഉത്തരവാദിത്ത അതോറിറ്റിയുടെ സേവനങ്ങൾക്കുള്ള ഫീസ് നിശ്ചയിക്കുന്നതിന് മന്ത്രിസഭ നൽകിയ അംഗീകാരത്തിന്റെയും 2020ലെ 70-ാം നമ്പർ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.