കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന 2026–2027 സീസണിലെ സൗദി സൂപ്പർ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് റിയാദ് സീസൺ സ്പോൺസർഷിപ്പ് പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ പ്രധാന കായിക, വിനോദ പരിപാടികളുടെ സ്പോൺസറായി പ്രവർത്തിക്കുന്ന റിയാദ് സീസൺ ഗൾഫ് മേഖലയിലെ കായികമത്സരങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഡിസംബർ 19 മുതൽ 23 വരെ കുവൈത്തിലെ ജാബർ അൽ അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

സൗദി സൂപ്പർ കപ്പിന്റെ പതിമൂന്നാം പതിപ്പിനാണ് കുവൈത്ത് വേദിയാകുന്നത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് കുവൈത്ത് ആതിഥേയത്വം വഹിക്കുന്നത്.

സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബുകളായ അൽ നസർ, അൽ അഹ്‌ലി, അൽ ഖാദിസിയ, അൽ ഖുലൂദ് എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ഒക്ടോബർ 14ന് കുവൈത്തിലെ സെന്റ് റെജിസ് ഹോട്ടലിൽ നടന്ന നറുക്കെടുപ്പിൽ സെമിഫൈനൽ മത്സരക്രമം തീരുമാനിച്ചിരുന്നു. ആദ്യ സെമിയിൽ അൽ ഖാദിസിയയും അൽ അഹ്‌ലിയും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ അൽ നസറും അൽ ഖുലൂദും തമ്മിലാണ് മത്സരം.

സൗദി ഫുട്ബോൾ ഫെഡറേഷന്റെ വാണിജ്യ പങ്കാളിയായ എസ്‌എംസി വൈബ്സും കുവൈത്തിലെ അൽ റായ് മീഡിയ ഗ്രൂപ്പ്, അയ്യാൻ ലീസിങ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവയും തമ്മിലുള്ള ഔദ്യോഗിക പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

കുവൈത്തിലെ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ സെയ്‌നും ടൂർണമെന്റിന്റെ ആതിഥേയ പങ്കാളിയാണ്.