കുവൈത്ത് സിറ്റി: സർക്കാർ ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ടായിരത്തോളം കമ്പനികളുടെ വ്യാപാര ലൈസൻസുകൾ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം സസ്പെൻഡ് ചെയ്തു. ഒക്ടോബർ 22 വ്യാഴാഴ്ചയാണ് കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചത്.
കമ്പനികളുടെ നിയമപരമായ ഘടനയിലും രജിസ്ട്രേഷൻ രേഖകളിലും മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളുടെ ഫീസ് അടയ്ക്കാത്തതാണ് നടപടിക്ക് കാരണം.
കുടിശ്ശികകൾ അടയ്ക്കുകയും പൂർത്തിയാകാത്ത നടപടികൾ പൂർത്തീകരിക്കുകയും ചെയ്താൽ ലൈസൻസുകൾക്കെതിരായ നിയന്ത്രണം നീക്കാൻ സാധിക്കും.
ഭാവിയിൽ കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുന്നത് തടയുന്നതിനായി ഓട്ടോമാറ്റിക് ലൈസൻസ് സസ്പെൻഷൻ സംവിധാനം നടപ്പാക്കുന്നതും മന്ത്രാലയം പരിശോധിക്കുകയാണ്.
നീതിന്യായ മന്ത്രാലയവുമായി ബന്ധമുള്ള സ്ഥാപന രജിസ്ട്രേഷൻ നടപടികൾ വാണിജ്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനാണ് ആലോചന. ഇതിലൂടെ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ രേഖകളിൽ വരുത്തുന്ന മാറ്റങ്ങളും അടയ്ക്കേണ്ട ഫീസുകളും ഉടനടി നിരീക്ഷിക്കാൻ സാധിക്കും.
നീതിന്യായ മന്ത്രാലയവുമായി ബന്ധപ്പെട്ട രേഖാപരമായ നടപടികൾ പൂർത്തിയാക്കിയശേഷം വാണിജ്യ മന്ത്രാലയത്തിലെ അനുബന്ധ നടപടികളും ഫീസ് അടയ്ക്കലും പൂർത്തിയാക്കിയില്ലെങ്കിൽ സ്ഥാപനത്തിന്റെ വ്യാപാര ലൈസൻസ് സ്വമേധയാ സസ്പെൻഡ് ചെയ്യുന്ന സംവിധാനമാണ് പരിഗണനയിലുള്ളത്.
ഒരാൾ മാത്രം ഉടമയായുള്ള സ്ഥാപനങ്ങൾ, ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, ലിമിറ്റഡ് പാർട്ണർഷിപ്പ് കമ്പനികൾ തുടങ്ങിയവയ്ക്കും നടപടികൾ ബാധകമാകും.
കമ്പനികളിൽ പുതിയ പങ്കാളിയെ ഉൾപ്പെടുത്തുന്നതിനും നിലവിലുള്ള പങ്കാളിയെ ഒഴിവാക്കുന്നതിനും ഓരോ നടപടിക്കും 60 ദിനാർ വീതമാണ് ഫീസ്. ഒരേസമയം രണ്ട് നടപടികളും നടത്തുമ്പോൾ 120 ദിനാർ അടയ്ക്കേണ്ടിവരും.
കമ്പനികളുടെ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമപരിഷ്കാരങ്ങളുടെ ഭാഗമായി വാണിജ്യ മന്ത്രാലയത്തിന്റെ രജിസ്ട്രേഷൻ വിഭാഗത്തിന് കൂടുതൽ ചുമതലകൾ കൈമാറിയിട്ടുണ്ട്.
ഇതിലൂടെ ഒരേ ഇടപാടിന് രണ്ട് മന്ത്രാലയങ്ങളിൽ പ്രത്യേകമായി ഫീസ് അടയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാനും രേഖകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് ഏകദേശം 10 ശതമാനം കുറയ്ക്കാനും കഴിയുമെന്ന് വിലയിരുത്തുന്നു.