കുവൈത്ത് സിറ്റി: കുവൈത്തിൽ ഒക്ടോബർ 29 വ്യാഴാഴ്ച മുതൽ രാത്രികാല തണുപ്പ് അനുഭവപ്പെടാൻ തുടങ്ങുമെന്ന് അൽ ഉജൈരി ശാസ്ത്രകേന്ദ്രം അറിയിച്ചു. പരമ്പരാഗത കാലാവസ്ഥാ കലണ്ടറിലെ 'അൽ വസം' സീസണിന്റെ രണ്ടാം ഘട്ടമായ 'അൽ സമാക്' കാലഘട്ടമാണ് വ്യാഴാഴ്ച ആരംഭിക്കുന്നത്.

13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലഘട്ടത്തിൽ രാത്രികാല താപനില കുറയുകയും രാത്രിയുടെ ദൈർഘ്യം വർധിക്കുകയും ചെയ്യും.

സൂര്യോദയ സമയത്ത് കാറ്റിൽ ഈർപ്പം അനുഭവപ്പെടുന്നതും രാവിലെയുള്ള വെള്ളത്തിന് തണുപ്പ് വർധിക്കുന്നതും അൽ സമാക് കാലഘട്ടത്തിന്റെ പ്രത്യേകതകളാണെന്ന് കേന്ദ്രം വ്യക്തമാക്കി.

വർഷത്തിലെ ഉച്ചനമസ്കാര സമയം ഏറ്റവും നേരത്തെയാകുന്ന കാലഘട്ടം കൂടിയാണിത്.

ഈ സമയത്ത് സൂര്യാസ്തമയം നേരത്തെയാകുന്നതിനൊപ്പം രാത്രിയുടെ ദൈർഘ്യവും വർധിക്കും.

പഴയകാലത്ത് ആടുകളുടെ പ്രസവം വർധിക്കുന്നത് അൽ സമാക് കാലഘട്ടത്തിന്റെ ആരംഭം തിരിച്ചറിയാനുള്ള സൂചനകളിലൊന്നായി കണക്കാക്കിയിരുന്നുവെന്നും കേന്ദ്രം വിശദീകരിച്ചു.

ഈ കാലഘട്ടത്തിൽ മഴ ലഭിക്കാനുള്ള സാധ്യതയും വർധിക്കും.

കാലാവസ്ഥയുമായി ബന്ധപ്പെട്ട മാറ്റങ്ങളും നമസ്കാര സമയങ്ങളും മനസ്സിലാക്കുന്നതിന് അൽ ഉജൈരി ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.